കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ വരാന്‍ സാധ്യതയേറി. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനില്ക്കുന്നതോടെയാണ് അധ്യക്ഷപദവിയിലേക്ക് മറ്റൊരാള്‍ വരാനുള്ള സാധ്യതയേറിയത്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ആഗസ്ത് 21 മുതല്‍ സെപ്തംബര്‍ 20വരെ നീളുന്ന സംഘടനാ തെരഞ്ഞെടുപ്പ് നടപടിയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചത്
പദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതമറിയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ തീരുമാനിച്ചതും. എന്നാല്‍ അധ്യക്ഷസ്ഥാനത്തേക്ക് തിരികെവരില്ലെന്ന നിലപാടില്‍ രാഹുല്‍ഗാന്ധി ഉറച്ചുനിന്നതോടെ രാഹുലിനെ പ്രതീക്ഷിച്ച് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പാളി. പല സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും തെരഞ്ഞെടുപ്പിൻ്റെ ഒരു തയ്യാറെടുപ്പുകളും നടന്നിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം തന്നെ സമ്മതിക്കുന്നു. ജൂലൈ 21 മുതല്‍ ആഗസ്ത് 20 വരെ പിസിസി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇതും പൂര്‍ത്തിയായില്ല.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിൻ്റെ വന്‍തകര്‍ച്ചയെ തുടര്‍ന്ന് 2019 മെയ് 25നാണ് രാഹുല്‍ അധ്യക്ഷസ്ഥാനമൊഴിഞ്ഞത്. തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ചുമതലയേറ്റെടുത്തു. മൂന്ന് വര്‍ഷത്തിലേറെയായി പദവിയില്‍ തുടരുന്ന സോണിയ ആരോഗ്യകാരണങ്ങളാല്‍ പദവിയില്‍ തുടരില്ലെന്ന് അറിയിച്ചുകഴിഞ്ഞു. പ്രിയങ്ക ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ സോണിയഗാന്ധിക്കും രാഹുലിനും താത്പര്യവുമില്ല. കഴിഞ്ഞ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് പ്രിയങ്ക നേതൃത്വം നല്‍കിയെങ്കിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞു. ഈ പശ്ചാത്തലത്തില്‍ പ്രിയങ്കയ്ക്ക് പദവി നല്കിയാല് കുടുംബവാഴ്ചയെന്ന പ്രചാരണം ശക്തമാക്കാനേ വഴിയൊരുക്കൂ എന്നാണ് സോണിയയുടെയും രാഹുലിൻ്റെയും നിലപാട്.
ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള അധ്യക്ഷനെ ലഭിക്കാനുള്ള സാധ്യതയേറിയത്. 1998 മുതല്‍ ഗാന്ധി കുടുംബമാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം കൈയ്യാളുന്നത്. സീതാറാം കേസരിയില്‍ നിന്ന് അധ്യക്ഷസ്ഥാനം പിടിച്ചെടുത്ത് 1998ല്‍ സോണിയാ ഗാന്ധി അധ്യക്ഷസ്ഥാനത്ത് എത്തി. 2017വരെ സോണിയ പദവിയില്‍ തുടര്‍ന്നു. 2017ല്‍ രാഹുല്‍ അധ്യക്ഷസ്ഥാനത്ത് എത്തി. രാഹുല്‍ 2019ല്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ സോണിയതന്നെ അധ്യക്ഷയായി . ഈ രണ്ടര പതിറ്റാണ്ടുകാലത്തെ ചരിത്രമാണ് പുതിയ സാഹചര്യത്തില്‍ മാറാന്‍ പോകുന്നത്
തെരഞ്ഞെടുപ്പ് ഷെഡ്യൂളുകള്‍ പാളിയതോടെ പുതിയ തീയതികള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരണം. അടുത്തയാഴ്ച പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ യോഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മദുസൂധനന്‍ മിസ്ത്രി പുതിയ തീയതികള്‍ അറിയിക്കുമെന്നാണ് കണക്ക്കൂട്ടുന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് ജി 23 നേതാക്കളില്‍ ചിലര്‍ക്ക് താല്പര്യമുണ്ട്. അതോടൊപ്പം രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അധ്യക്ഷസ്ഥാനത്തേക് പരിഗണിക്കപ്പെടുന്നവരില്‍ ഒരാളാണ്. ഗാന്ധികുടംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഗെഹ്ലോട്ട്