ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലൻ. കണ്ണൂർ സർവകലാശാല വി സി നിയമനം, അധ്യാപക നിയമനത്തിലാണ് ഗവർണർക്കെതിരെ എ കെ ബാലൻ പ്രതികരിച്ചത്.
”യുജിസി മാനദണ്ഡം പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ അധ്യാപകനിയമനം നടത്തുന്നത്. അക്കാദമിക് റിസർച്ച് തലത്തിൽ ഏറ്റവും കൂടുതൽ സ്കോർ ഉള്ളയാളെ രണ്ടാം റാങ്കിലേക്ക് തള്ളിയെന്ന ആക്ഷേപത്തിന് വസ്തുതാപരമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? മിനിമം സ്കോറായ എഴുപത്തിയഞ്ചിന് മുകളിൽ എത്രയുണ്ടെങ്കിലും അതിന് ഇന്റർവ്യൂവിൽ പ്രത്യേക പരിഗണനയോ വെയിറ്റേജോ ഇല്ലെന്നത് യുജിസി റെഗുലേഷനിൽ വ്യക്തമാക്കിയതല്ലേ? അതായത് അക്കാദമിക് സ്കോർ കേവലം യോഗ്യതാ മാനദണ്ഡം മാത്രമാണെന്ന് യുജിസി നിഷ്കർഷിച്ചിട്ടുണ്ട്.” അത് മറച്ചുവച്ചാണ് നിക്ഷിപ്ത താൽപ്പര്യക്കാർ പ്രചാരണം നടത്തുന്നതെന്ന് എകെ ബാലൻ വ്യക്തമാക്കി.
സർക്കാർ ഒരിക്കലും ഗവർണറുമായി ഏറ്റുമുട്ടിയിട്ടില്ല. അത്തരമൊരു സമീപനമോ ഉദ്ദേശമോ സർക്കാരിനില്ല. കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനെതിരെ ഗവർണർ അസംതൃപ്തി പ്രകടിപ്പിച്ചപ്പോഴും സർക്കാർ വഴിവിട്ട് പെരുമാറിയില്ല. എന്നിട്ടും ഗവർണർ ഈ രീതിയിൽ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ കേരളീയ സമൂഹത്തിന് ആഗ്രഹമുണ്ട്. അടുത്തകാലത്തായി ഗവർണർ ആരിഫ് മൊഹമ്മദ് ഖാനിൽനിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരമായ ചില പരാമർശങ്ങളാണ്. യുഡിഎഫിനും ബിജെപിക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ വഴിമരുന്നിട്ടുകൊടുക്കുന്നതാണ് ഗവർണറുടെ പരാമർശങ്ങൾ എന്നും എ കെ ബാലൻ പറഞ്ഞു.
അതേസമയം ഗവർണർക്കെതിരെ നിരവധി ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ ബിജെപിയുടെ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര ഗവൺമെന്റിനെ ഏജന്റായി പ്രവർത്തിക്കുകയാണ് ഗവർണർ എന്ന് തുടങ്ങി നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.