വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാക്കണമെന്ന് പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, കുറ്റക്കാരെ തലയിലേറ്റുന്ന പ്രവണതയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകർക്ക് മറുപടി കൊടുക്കുകയായിരുന്നു മന്ത്രി. ഇടതുപക്ഷ സർക്കാരിനെ മോശപ്പെടുത്താൻ വേണ്ടി മഹാത്മാഗാന്ധിയുടെ ചിത്രം തല്ലിപൊളിക്കുന്നവരുടെ മാനസികാവസ്ഥ ദൗർഭാഗ്യകരമാണ്.
ഗാന്ധി ചിത്രം തകരണം, ഗാന്ധിയുടെ ആശയം തകരണം, ഗാന്ധി വിഭാവനം ചെയ്ത രാജ്യ സംവിധാനങ്ങളാകെ തകരണമെന്നെല്ലാം ആഗ്രഹിക്കുന്നത് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ എന്തും ചെയ്യാൻ കോൺഗ്രസ് തയ്യാറാവുമെന്നതിന്റെ തെളിവാണ് വയനാട് സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കാര്യത്തിലും ഇടപെടാൻ പ്രതിപക്ഷ നേതാവ് കാണിക്കുന്ന താല്പര്യം ഈ വിഷയത്തിൽ കാണുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.