യുഡിഎഫ് ഏകോപനസമിതി യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വിട്ടുനിന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം ചേർന്ന യോഗത്തിലാണ് മുല്ലപ്പള്ളി പങ്കെടുക്കാത്തത്. തോല്‍വിയുടെ ഉത്തരവാദിത്തം സംഘടനാ നേതൃത്വത്തില്‍ മാത്രം ചുമത്തി പലരും ഒറ്റപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ യോഗത്തിനില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് ഹൈക്കമാന്റിന് കത്ത് നൽകിയിട്ടുള്ളതിനാല് പങ്കെടുക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി പറയുന്നു.യുഡിഎഫ് ചെയര്മാൻ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്നതടക്കമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കൂടിയാണ് യോഗം ചേരുന്നത്
പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഘടകക്ഷികളുടെ ആക്ഷേപം കൂടി കേള്‍ക്കാന്‍ ഒരുക്കമല്ലെന്ന് മുല്ലപ്പള്ളി ഒപ്പം നില്‍ക്കുന്നവരെ അറിയിച്ചിട്ടുണ്ട്. അതിനിടെ കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍ പ്രതിഷേധവുമായി ഏതാനും പേരെത്തി. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ.