സംരംഭക വർഷത്തിൽ നാലുമാസം കൊണ്ട് 2852 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കി കേരളം. വ്യവസായ വകുപ്പാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. നാല് മാസത്തിനുള്ളിൽ 2852 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കാനും ഇതുവഴി 1,06288 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. നാല് മാസം കൊണ്ട് 48,641 സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചത് കേരളത്തെ സംബന്ധിച്ച് റെക്കോർഡാണ്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി നാല് ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ ബാങ്ക് ലോൺ ലഭ്യമാക്കുന്ന പദ്ധതിക്ക് രൂപം നൽകിയിരുന്നു എന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
പുതിയ വായ്പാപദ്ധതിയും സബ്സിഡി സ്കീമുകളും പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായി 1034 തദ്ദേശസ്ഥാപനങ്ങളിലായി 1158 പൊതു ബോധവൽക്കരണ പരിപാടികൾ നടത്തി. 85160 പേർ ഈ ബോധവൽക്കരണപരിപാടിയിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനായി 1153 ഇന്റേണുകളെ തദ്ദേശസ്ഥാപനങ്ങളിൽ നിയമിച്ചു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെൽപ് ഡെസ്ക് സേവനവും തദ്ദേശസ്ഥാപനങ്ങളിൽ ലഭ്യമാകുന്നുണ്ട്. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് സംരംഭക വർഷം പദ്ധതി ആരംഭിച്ചതെങ്കിലും നാല് മാസം കൊണ്ട് തന്നെ അൻപതിനായിരത്തോളം സംരംഭങ്ങൾ ആരംഭിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കേരളം നിക്ഷേപസൗഹൃദമല്ലെന്ന വാദം കപടമാണെന്ന് തെളിയിക്കുന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നതുമാണ് ഈ നേട്ടമെന്നും മന്ത്രി വ്യക്തമാക്കി.