മുസ്ലിം ലീഗ് നേതാക്കളുടെ ലിംഗ നീതിക്ക് വിരുദ്ധമായ പരാമർശത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം ലീഗ് നേതാക്കളായ എം കെ മുനീറും, പിഎംഎ സലാമും ഓഗസ്റ്റ് 18 , 19 തീയതികളിൽ നടത്തിയ പരാമർശങ്ങളാണ് വി ഡി സതീശൻ പിന്തുണച്ചത്.
ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെടുക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിൻ്റെ പ്രസ്താവന. ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണ്. ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടും. പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടു കഴിഞ്ഞാൽ നീതി ലഭിക്കുമോയെന്നും മുനീർ ചോദിച്ചിരുന്നു.
ആൺകുട്ടിയും പെൺകുട്ടിയും ക്ലാസുകളിൽ ഒരുമിച്ചിരിക്കണമെന്ന് എന്തിനാണ് നിർദേശിക്കുന്നത് ? ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ കുട്ടികൾക്ക് പഠനത്തിൽ നിന്ന് ശ്രദ്ധമാറും. ജെൻഡർ ന്യൂട്രാലിറ്റി ഫ്രീ സെക്സിന് വഴിയൊരുക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതിരിക്കാതെ നോക്കുന്നതാണ്. അതുകൊണ്ടാണ് ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ ലീഗ് നിലപാട് സ്വീകരിക്കുന്നത്. ജെൻഡർ ന്യൂട്രാലിറ്റി വിഷയം മുസ്ലീംലീഗ് കാണുന്നത് ധാർമിക പ്രശ്നമായിട്ടാണ് എന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.