ഡല്‍ഹി മന്ത്രിസഭയിലെ രണ്ടാമൻ്റെ വസതിയിൽ സിബിഐ റെയ്ഡ്. ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ എക്സികുട്ടീവ് അംഗവുമായ മനീഷ് സിസോദിയയുടെ വസതിയാണ് സിബിഐ റെയ്ഡ് ചെയ്യുന്നത്. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് ഇതുവരെ പൂർത്തിയായിട്ടില്ല. ഡൽഹി ഏക്സെസ് കമ്മീഷണറുടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. നേരത്തെ പഞ്ചാബ് ആരോഗ്യ മന്ത്രിയും ആം ആദ്മി നേതാവുമായ വിജയ് സിംഗ്ലയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. തുടർന്ന് വിജയ് സിംഗ്ലയെ അഴിമതി കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
ആം ആദ്മി പാർട്ടി നേതാവും അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയുമായ സത്യേന്ദർ കുമാർ ജെയിനെ പോലീസ് അറസ്റ്റ് ചെയ്തതത് 2022 മെയ് മാസത്തിലാണ്. കള്ളപ്പണ കേസിൽ എൻഫോയ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സത്യേന്ദർ ജെയിൻ നിലവിൽ ജയിലിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ ആം ആദ്മി പാർട്ടിയുടെ ചുമതലക്കാരനാണ് സത്യേന്ദർ ജെയിൻ.
“ഞങ്ങൾ സിബിഐയെ സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ ഉടൻ പുറത്തുവരാൻ അന്വേഷണത്തോട് പൂർണമായി സഹകരിക്കും. രാജ്യത്തെല്ലാവർക്കും നല്ല വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള എന്റെ പ്രവർത്തനം നിർത്താനാകില്ല. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ ഡൽഹി സർക്കാർ നടത്തുന്നത് മികച്ച പ്രവർത്തനങ്ങളാണ്. അതുകൊണ്ടാണ് ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനങ്ങളിൽ നിന്ന് ഞങ്ങളെ തടയാൻ രണ്ട് വകുപ്പുകളിലെയും മന്ത്രിമാരെ ലക്ഷ്യമിടുന്നത്. ഞങ്ങൾ രണ്ടുപേർക്കുമെതിരെയുള്ള ആരോപണങ്ങൾ കള്ളമാണ്. സത്യം കോടതിയിൽ പുറത്തുവരുമെന്നും മനീഷ് സിസോദി പറഞ്ഞു.