ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയുടെ ചട്ടുകമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറെ ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്ക് പരിശോധന നടത്താൻ അവസരം നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. ഫെഡറൽ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഭരണഘടനയുടെ 356-ാം വകുപ്പ് സംസ്ഥാനങ്ങളുടെ മേൽ മുൻപ് പല തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് പരീക്ഷിക്കാൻ ഇന്ന് പരിമിതികളുണ്ട്. അതുകൊണ്ടാണ് വളഞ്ഞ വഴി നോക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്. മോദി സർക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോൺഗ്രസിന്റെ കേരള നേതാക്കൾ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രഭരണത്തിന്റെയും പ്രതിപക്ഷത്തെ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവരും. ഈ ജനകീയ കൂട്ടായ്മയിൽ യുഡിഎഫിലെ ഘടകകക്ഷികൾക്കോ അവയിലെ അണികൾക്കോ പങ്കെടുക്കാം, അവരുമായി ഈ വിഷയത്തിൽ കൈകോർക്കാൻ സിപിഐ(എം) തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ കളിപ്പാവയാണ് ഗവർണറെന്ന് ഇതിനുമുമ്പും കോടിയേരി ആരോപിച്ചിരുന്നു. ഗവർണറെ ഉപയോഗിച്ച് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയാണെന്ന് നേരത്തെ ആരോപണം നിലനിൽക്കുന്നുണ്ട്.