സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അൽപ്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ ക്യാമ്പയിൻ്റെ ഭാഗമായി പത്ത് ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും അനിവാര്യ ഘടകമാണ്. വെറും രണ്ടു മാസം കൊണ്ടാണ് ജനങ്ങൾക്കിടയിൽ ഈ ക്യാമ്പയിൻ ഒരു വിജയമാക്കി മാറ്റാൻ ആരോഗ്യവകുപ്പിന് സാധിച്ചത്. രോഗനിർണയവും നിയന്ത്രണവും വഴി ജനങ്ങൾക്ക് രോഗപ്രതിരോധത്തിനാവശ്യമായ പിന്തുണ നൽകുകയാണ് ആരോഗ്യ വകുപ്പിന് ചെയ്യാനാവുകയെന്നും മന്ത്രി വ്യക്തമാക്കി.
നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായുള്ള ആർദ്രം മിഷൻ വഴി ഈ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഏറ്റവും പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണിത്. ഇതിനായി ശൈലി ആപ്പ് രൂപപ്പെടുത്തുന്ന വേളയിൽ ക്യാൻസർ രോഗ നിയന്ത്രണം, സാന്ത്വന പരിചരണം എന്നീ മേഖലകളെ കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകുകയും ഇവ ഉൾപ്പെടുത്തുകയും ചെയ്തു.