സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ‘കേരള സവാരി’ ഇന്ന് ആരംഭിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിൽ നടന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. യാത്രക്കാർക്ക് മാന്യമായ യാത്ര നിരക്കും ടാക്സി, ഓട്ടോ തൊഴിലാളികൾക്ക് അർഹമായ പ്രതിഫലവുമാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവന്നത്. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ആരംഭിച് തുടർന്ന് വിലയിരുത്തൽ നടത്തി അപാകതകളെല്ലാം പരിഹരിച്ച ശേഷം സംസ്ഥാന വ്യാപകമായി നടപ്പിലാക്കാനാണ് തീരുമാനം.
കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിൽ ഒരു മാസത്തിനകം പദ്ധതി നടപ്പാക്കും. സർക്കാർ നിശ്ചയിച്ച നിരക്കിനൊപ്പം 8 ശതമാനം സർവീസ് ടാക്സ് മാത്രമാകും കേരള സവാരി ഈടാക്കുക. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിർമിച്ച ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അപകടസാഹചര്യങ്ങൾ തരണം ചെയ്യാൻ സഹായകമാവും വിധം പാനിക് ബട്ടൺ സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പ് സ്റ്റോറിലും പ്ലെയ്സ്റ്റോറിലും വൈകാതെ തന്നെ ആപ്പ് ലഭ്യമാകും.