കൊച്ചി: കാക്കനാട് ഇടച്ചിറ ഫ്ലാറ്റിൽ സജീവ് കൃഷ്ണ(22)യെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അർഷാദ് പിടിയിൽ. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് അതിർത്തിയിൽവെച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊലപാതകം നടക്കുമ്പോൾ അർഷദാണ് സജീവിനൊപ്പം ഫ്ളാറ്റിൽ ഉണ്ടായിരുന്നു. സംഭവത്തിന്ശേഷം ഒളിവിലായിരുന്നു. കൊല്ലപ്പെട്ടയാളും പ്രതിയും ലഹരിക്ക് അടിമകളാണെന്നും പിടിയിലാകുമ്പോൾ അർഷാദിന്റെ കെെവശം മയക്കുമരുന്നുകളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അർഷാദ് കൊണ്ടോട്ടിയിലെ ജൂവലറി മോഷണക്കേസ് പ്രതിയാണ്. അർഷാദിന്റെ സഹായി അശ്വന്തും പൊലീസ് പിടിയിലായി. കൊലപാതകം നടന്ന ഫ്ളാറ്റിൽ പതിവായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സജീവ് കൃഷ്ണന്റേത് അതിക്രൂരമായ കൊലപാതകമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
സജീവന്റെ ശരീരമാസകലം കുത്തേറ്റ നിലയിലാണ്. 20 മുറിവുകൾ കണ്ടെത്തി. പുതപ്പുകൊണ്ട് മുടിയ മൃതദേഹം ഫ്ളാറ്റിലെ ബാൽക്കണിയിൽ പെെപ്പ് ഡക്റ്റിൽ ചാരിച്ച നിലയിലായിരുന്നു. സജീവും മറ്റ് മൂന്ന്പേരും ഒന്നിച്ചാണ് ഫ്ളാറ്റിൽ താമസം. സംഭവം നടക്കുന്ന സമയം സഹതാമസക്കാരായ മറ്റ് മൂന്ന്പേരും ഫ്ളാറ്റിൽ ഉണ്ടായിരുന്നില്ല. സജീവിന്റെ സഹതാമസക്കാരായ രണ്ട് പേർ ടൂറിനും മറ്റൊരു സുഹൃത്ത് അംജദ് പയ്യോളിയിലെ വീട്ടിലേക്കും പോയതായിരുന്നു. അംജദിന്റെ സുഹൃത്താണ് അർഷാദ്. മൂന്നുപേരും സ്ഥലത്തില്ലാത്തതിനാലാണ് അർഷാദ് ഈ ഫ്ളാറ്റിലേക്ക് വന്നതെന്ന് സംശയിക്കുന്നു.