സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് നിയമപരമല്ലെന്ന് അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ. ജാമ്യം അനുവദിച്ചു കൊണ്ടോ നിരസിച്ച് കൊണ്ടോ ഉത്തരവ് നൽകുവാൻ കോടതികൾക്ക് അധികാരം ഉണ്ടെങ്കിലും ലൈംഗിക പീഡനക്കേസുകളിൽ അതിജീവിതയുടെ വിലാസം അടക്കമുള്ളവ വെളിപ്പെടുത്താനും ആക്ഷേപകരമായി പരാമർശിക്കാനും ഈ അധികാരം വിനിയോഗിക്കപ്പെട്ടത് നിർഭാഗ്യകരമാണെന്ന് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് നൽകിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായതിനാൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല എന്ന ഉത്തരവിലെ പരാമർശത്തിന് ന്യായീകരണമില്ല. ഇത്തരത്തിൽ അതിജീവിതയെ സ്വഭാവഹത്യ നടത്തും വിധം ഉള്ള പരാമർശങ്ങൾ ഒരു കോടതി ഉത്തരവിൽ ഇടം പിടിച്ചത് നിർഭാഗ്യകരമാണ്. വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്ന വസ്ത്രധാരണ രീതി കുറ്റ കൃത്യത്തിനുള്ള പ്രകോപനവും ന്യായീകരണവുമല്ല. വസ്ത്രധാരണ രീതി പ്രതിക്ക് പ്രകോപനപരമായി എന്ന് കോടതിക്ക് അഭിപ്രായം ഉണ്ടെങ്കിൽ അത്തരമൊരു പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് എങ്ങിനെയാണെന്നും ലോയേഴ്സ് യൂണിയൻ ചോദിക്കുന്നു.
ജാമ്യം നൽകുന്ന വേളയിൽ തന്നെ കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ഉത്തരവ് നൽകുന്നത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. ജാമ്യം നൽകിയത് നിയമപരമല്ല.
SC , ST അതിക്രമം തടയൽ നിയമ പ്രകാരവും ലൈംഗികാതിക്രമ ആരോപണങ്ങളും ഉള്ള കേസുകളിൽ ലാഘവ ബുദ്ധിയോടെ ജാമ്യം അനുവദിച്ച നടപടിക്ക് എതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകണം. ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യം സ്വമേധയാ പരിശോധനക്ക് വിധേയമാക്കണം എന്നും ലോയേഴ്സ് യൂണിയൻ ആവശ്യപ്പെടുന്നു.