സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വനിതാ കമീഷൻ. ലൈംഗിക ആരോപണ കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോടതി ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി രംഗത്തുവന്നത്. ലൈംഗികാകർഷണമുണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്ന കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവ് ആശങ്കയുണ്ടാക്കുന്നതാണ്. വസ്ത്രധാരണം പോലെ തികച്ചും വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകൾക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണർത്തുന്ന കാര്യമാണെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
ജാമ്യം നൽകുന്ന വേളയിൽ ജാമ്യത്തിനായുള്ള സാഹചര്യങ്ങൾ പരിഗണിക്കുക എന്നതിലുപരി കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ജാമ്യം നൽകുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുൻപു തന്നെ ഇത്തരം പരാമർശങ്ങൾ നടത്തുന്നതു വഴി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത് എന്നും അഭിഭാഷക കൂടിയായ വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.
ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണർത്തുന്ന ഇത്തരം നടപടികളിൽ ഒരു വീണ്ടുവിചാരം അത്യാവശ്യം തന്നെയാണ്’ എന്നും പി സതീദേവി പറഞ്ഞു.