പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം നൽകിയ വിധിയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ, ലൈംഗിക പീഡനക്കേസുകളുടെ വിചാരണ സംബന്ധിച്ച സുപ്രിംകോടതി നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനം. പീഡനക്കേസുകളിൽ ജാമ്യം നൽകുന്ന ഉത്തരവുകളിൽ സ്ത്രീകളുടെ വസ്ത്രധാരണം, പെരുമാറ്റം, ഭൂതകാലം, സദാചാര പ്രബോധനങ്ങൾ തുടങ്ങിയവയൊന്നും ഉത്തരവിലുണ്ടാകരുതെന്ന നിർദ്ദേശമാണ് കോഴിക്കോട് സെഷൻസ് ജഡ്ജി ലംഘിച്ചത്. സിവിക് ചന്ദ്രനെതിരെ പരാതി നൽകിയ കവയിത്രി സംഭവ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ലൈംഗിക പ്രകോപനപരമാണെന്ന ജാമ്യ ഉത്തരവിലെ പരാമർശമാണ് വിവാദമായത്.
ഇത്തരം പരാമർശങ്ങൾ പാടില്ലെന്ന് അപർണ സേട്ടും മധ്യപ്രദേശ് സർക്കാരും തമ്മിലുള്ള കേസിൽ 2021 മാർച്ച് 18ന് ജസ്റ്റിസുമാരായ എ എം ഖൻവിൽക്കറും രവീന്ദ്രഭട്ടും ചേർന്ന് പുറപ്പെടുവിച്ച വിധിയിലാണ് പീഡനക്കേസുകളുടെ വിചാരണ സംബന്ധിച്ച നിർദ്ദേശങ്ങൾ കീഴ്ക്കോടതികൾക്ക് നൽകിയത്.
അതിജീവിതയും പ്രതിയും തമ്മിൽ സമ്പർക്കം ഉണ്ടാകാനിടയുള്ള നിർദ്ദേശങ്ങൾ പാടില്ല, പ്രതിയിൽ നിന്ന് ഭീഷണിയുണ്ടാവുകയോ, ആശങ്ക ഉയരുകയോ ചെയ്യുന്ന പക്ഷം, പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ സംരക്ഷണം അതിജീവിതയ്ക്കു നൽകണം, പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാൽ ജാമ്യ ഉത്തരവിന്റെ പകർപ്പ് രണ്ടു ദിവസത്തിനകം അതിജീവിതയ്ക്കു നൽകുകയും പ്രതിയ്ക്ക് ജാമ്യം കൊടുത്ത വിവരം അറിയിക്കുകയും വേണം; സ്ത്രീകളെക്കുറിച്ച് വാർപ്പു മാതൃകയിലും പുരുഷാധിപത്യപരവുമായ സങ്കൽപങ്ങളുടെ പ്രതിഫലനം, ജാമ്യ ഉത്തരവിലോ, നിബന്ധനകളിലോ ഉണ്ടാകരുത്, ക്രിമിനൽ ചട്ടങ്ങൾക്കുള്ളിൽ നിന്നുള്ള ഉത്തരവും നിബന്ധനകളുമാകണം, വസ്ത്രത്തെയോ പെരുമാറ്റത്തെയോ ഭൂതകാലത്തെയോ സദാചാര സംഹിതകളെയോ പരാമർശിക്കുന്നതൊന്നും ഉത്തരവിൽ കാണരുത്, പ്രതിയുമായുള്ള വിവാഹത്തിന് അതിജീവിതയെ നിർബന്ധിക്കുക, അത്തരം കാര്യങ്ങൾക്കുള്ള മധ്യസ്ഥതയ്ക്ക് ശ്രമിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സുപ്രിംകോടതി നൽകിയത്.
പ്രതിയ്ക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് അതിജീവിതയുടെ നീക്കം. അതോടൊപ്പം, സുപ്രിംകോടതി നിർദ്ദേശങ്ങൾ ലംഘിക്കുന്ന പരാമർശങ്ങൾ ഉത്തരവിലെഴുതിയ ജഡ്ജിയ്ക്കെതിരെ ഹൈക്കോടതിയ്ക്ക് പരാതി നൽകാനും നീക്കമുണ്ട്. സെഷൻസ് ജഡ്ജിയുടെ പരാമർശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.