കൊടകര കുഴല്‍പ്പണക്കേസില്‍ കുഴല്‍പ്പണ കടത്തു സംഘത്തിന് ജില്ലയില്‍ മുറി ഏര്‍പ്പാടാക്കിയത് ബിജെപി ജില്ലാ നേതൃത്വം അറിഞ്ഞു കൊണ്ടാണെന്ന് വ്യക്തമാവുകയാണ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന് വെളിപ്പെടുത്തി. 3 കിടക്കകളുള്ള മുറിയാണ് ബുക്ക് ചെയ്തത്. ഇതോടെ ബിജെപി നേതൃത്വത്തിനെതിരെയുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റര്‍ പോലീസ് പരിശോധിച്ചതായും ഹോട്ടല്‍ ജീവനക്കാരന് വ്യക്തമാക്കി. ഹോട്ടലിലെ സിസിടി വി ദ്യശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിൽ കുഴൽപണ ഇടപാടിന് മേൽനോട്ടം വഹിച്ച ബിജെപി ജില്ലാജനറൽ സെക്രട്ടറി കെ ആർ ഹരി , ട്രഷറർ സുജയ് സേനൻ എന്നിവരിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയ വിവരങ്ങൾ കൂടുതൽ ബിജെപി നേതാക്കളിലേക്കും തെളിവുകളിലേക്കും അന്വേഷണസംഘത്തെ എത്തിച്ചു.
യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കും ആർഎസ്എസ് പ്രവർത്തകൻ ധർമരാജനും നേരത്തേ നൽകിയ മൊഴികളിൽ നിന്ന് അന്വേഷണസംഘം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയിലേക്കെത്തി. ബുധനാഴ്ച കർത്തയെ അന്വേഷണസംഘം വിളിച്ചുവരുത്തി. ശേഖരിച്ച തെളിവുകളൊന്നും കർത്തയ്ക്ക് മുന്നിൽ നിരത്താതെ ചോദ്യംചെയ്യൽ ആരംഭിച്ചു. അന്വേഷണസംഘത്തിന്റെ ധാരണ തെറ്റിയില്ല. ഒന്നുമറിയാത്ത പൊട്ടനെപോലെ ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറർ അഭിനയിക്കാൻ തുടങ്ങി. പിന്നീടങ്ങോട്ട് കെ ജി കർത്ത വിയർത്തു. നിർണായക തെളിവുകളോരോന്നായി കർത്തയ്ക്ക് മുന്നിൽ അന്വേഷണ സംഘം നിരത്തി.
കേസിലുൾപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചതിന് വ്യക്തമായ മറുപടി നൽകാനായില്ല. പൊലീസ് തെളിവുകൾ വ്യക്തമാക്കിയതോടെ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യും. അതിനുശേഷം വീണ്ടും കർത്തയെ വിളിപ്പിക്കും. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ അതിനിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.