മുംബൈയിൽ അമ്മയുടെ കൺമുന്നിൽവെച്ച് രണ്ട് നവജാത ശിശുക്കൾ മരിച്ചു. പ്രസവത്തിൽ നിലഗുരുതരമായ കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിക്കാൻ വഴിയില്ലാത്തതോടെയാണ് അമ്മയുടെ കൺമുന്നിൽവെച്ച് ഇരട്ടക്കുട്ടികൾ മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. മൊഖദ തഹസിൽ നിവാസിയായ വന്ദന ബുധറാണ് കഴിഞ്ഞ ദിവസം പൂർണ വളർച്ചയെത്താത്ത ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ഏഴാം മാസത്തിൽ പ്രസവിച്ച കുട്ടികൾക്ക് ആരോഗ്യമുണ്ടായിരുന്നില്ല. വിദഗ്ധ ചികിത്സ ലഭിച്ചാൽ ചിലപ്പോൾ ജീവൻ രക്ഷിക്കാനാകുമായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കാൻ വഴിയില്ലാതായതോടെ അമ്മയുടെ കൺമുമ്പിൽ കുട്ടികൾ മരിച്ചു.
പ്രസവത്തോടെ സ്ത്രീയുടെ നിലയും ഗുരുതരാവസ്ഥയിലാണ്. അമിത രക്തസ്രാവത്തെ തുടർന്ന് വന്ദനയെ ആശുപത്രിയിൽ എത്തിച്ചു. വാഹനമോ വഴിയോ ഇല്ലാത്തതിനാൽ മരക്കമ്പും കയറും ബെഡ്ഷീറ്റും ഉപയോഗിച്ചുണ്ടാക്കിയ താൽക്കാലിക സ്ട്രെച്ചറിലാണ് യുവതിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആരോഗ്യ നില ഗുരുതരമായ യുവതിയെ പാറക്കെട്ടുകളിലൂടെ കുടുംബാംഗങ്ങൾ മൂന്ന് കിലോമീറ്ററോളം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും റോഡുകൾ ഇല്ലാത്തതിനാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർ കഥയാകുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര കിഷോർ പറഞ്ഞു.