കാസർകോട്: സംസ്ഥാനത്തെ ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ്. കാസർകോട്ട് ദേശീയപാത വികസനം നേരിട്ട് അവലോകനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ റീച്ചായ തലപ്പാടി- ചെങ്കള പാതയുടെ പത്ത് ശതമാനം പൂർത്തിയായി. കാസർകോട് ടൗൺ മേൽപ്പാലം 2023 അവസാനം തുറന്നു കൊടുക്കും. ജില്ലയിലെ രണ്ടാം റീച്ചായ ചെങ്കള- തളിപ്പറമ്പ് പാതയും അതിവേഗം പണി നടക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
മഞ്ചേശ്വരം തലപ്പാടി മുതൽ കാസർകോട് വരെ ദേശീയപാതാ നിർമാണമാണ് മന്ത്രി കണ്ടത്. രാജ് മോഹൻ ഉണ്ണിത്താൻ എം പി, എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ്, സിപിഐ(എം) ജില്ലാ സെക്രട്ടറി എം പി ബാലകൃഷ്ണൻ, കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എൻഎച്ച്എഐ (കണ്ണൂർ) പ്രൊജക്ട് ഡയറക്ടർ പുനിൽ കുമാർ, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.