രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയ പതാകയെ അപമാനിച്ചു. സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഗുരുമന്ദിരം ജങ്ഷൻ, ആമയിട എൻഎസ്എസ് കരയോഗം ഓഫീസിന് സമീപം, പുതുപുരക്കൽപടി എന്നീ സ്ഥലങ്ങൾക്ക് പുറമെ ദേശീയപാതയോരത്തെ വിവിധ സ്ഥലങ്ങളിലുമാണ് കോൺഗ്രസിന്റെയും ട്രേഡ് യൂണിയന്റെയും കൊടി മരത്തിൽ പ്രവർത്തകർ പതാക ഉയർത്തിയത്.
ദേശീയ പതാക ഉയർത്താൻ പ്രത്യേക കൊടിമരങ്ങൾ സ്ഥാപിക്കണമെന്ന് നിയമം നിലനിൽക്കെയാണ് പാർട്ടി കൊടിമരങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയ പതാക ഉയർത്തിയത്. ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു.