തിരുവനന്തപുരം: നഗരസഭാ കൗൺസിൽ യോഗത്തിനിടെ ഗാന്ധിഘാതകരെ കുറിച്ച് പരാമർശമുയർന്നതിൽ അസ്വസ്ഥരായി ബിജെപി. ഗാന്ധിജിയെ വെടിവച്ചുകൊന്നയാളെ ആരാധിക്കുന്നവരല്ലേ നിങ്ങളെന്ന് തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി കെ രാജു ചോദിച്ചതോടെയാണ് ബിജെപി അംഗങ്ങൾ കൗൺസിൽ യോഗം അലങ്കോലമാക്കിയത്.
പ്രകോപിതരായ അവർ ബഹളംവച്ച് നടുത്തളത്തിലേക്ക് ഇറങ്ങി. കൗൺസിൽ അലങ്കോലമാക്കുകയായിരുന്നു ലക്ഷ്യം. ഡെപ്യൂട്ടി മേയറുടെ പരാമർശം പിൻവലിക്കാൻ മേയർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മേയർ അത് നിരസിച്ചു. തുടർന്ന് ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് മേയറുടെ ചേംബറിന് മുന്നിൽ നിലയുറപ്പിച്ചു.
തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെർമാൻ എസ് സലീം, സ്റ്റാൻലി ഡിക്രൂസ്, അംശു വാമദേവൻ, ഗായത്രി ബാബു എന്നിവർ ബിജെപിയുടെയും ആർഎസ്എസിന്റെയും രാജ്യസ്നേഹത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടി. ചൊവ്വാഴ്ച കൗൺസിൽ യോഗത്തിനിടെയാണ് സ്വാതന്ത്ര്യദിനാഘോഷവും ദേശസ്നേഹവും ചർച്ചയായത്.
സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷിക ആഘോഷിച്ച ആവേശം സ്വാതന്ത്ര്യദിനാഘോഷം നടത്താൻ ഭരണപക്ഷം കാണിച്ചില്ലെന്ന ആക്ഷേപം ഉന്നയിച്ച ബിജെപിക്ക്, ആസാദി കാ അമൃതിൻ്റെ ഭാഗമായി നഗരസഭാ ആസ്ഥാനത്തും 11 സോണൽ ഓഫീസുകളിലും ദേശീയപതാക ഉയർത്തിയെന്ന് മേയർ ആര്യ രാജേന്ദ്രൻ മറുപടി നൽകി. നഗരസഭാ അങ്കണം, പാളയം രക്തസാക്ഷി മണ്ഡപം, കിഴക്കേക്കോട്ട ഗാന്ധി പാർക്ക് എന്നിവിടങ്ങളിൽ പതാക ഉയർത്തിയത് താനാണെന്നും മേയർ പറഞ്ഞു. ഗോൾവാക്കറിന്റെയും ആർഎസ്എസ് മുഖമാസിക ഓർഗനൈസറിന്റെയും നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇടത് കൗൺസിൽ അംഗങ്ങളുടെ വിമർശം.