നികുതി ദായകരെ പ്രാത്സാഹിപ്പിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ജിഎസ്ടി ലക്കി ബിൽ പദ്ധതിക്കാണ് സർക്കാർ തുടക്കം കുറിച്ചത്.
പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ലക്കി ബിൽ ആപ്പും നാടിനായി സമർപ്പിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായ ചടങ്ങിൽ മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി.
പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കുന്ന ജിഎസ്ടി ബില്ലുകളിൽനിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ലഭിക്കാൻ അവസരമുണ്ടാകും. ജിഎസ്ടി രേഖപ്പെടുത്തിയ ബില്ലുകൾ ഗുണഭോഗ്താവ് ലക്കി ബിൽ ആപ്പിലേക്ക് ലോഡ് ചെയ്യണം. ഗൂഗിൾപ്ലേസ്റ്റോറിൽനിന്നും www.keralataxes.gov.in ൽനിന്നും ആപ് ഇൻസ്റ്റാൾ ചെയ്യാം. പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. തുടർന്ന്, സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ ലോഡ് ചെയ്യാം. നറുക്കുവീണാൽ ആകർഷക വിവിധ സമ്മാനങ്ങൾ നൽകും.
എല്ലാദിവസവും സമ്മാനത്തിന് അർഹരാകുന്ന അൻമ്പത് പേർക്ക് കുടുംബശ്രീ, വനശ്രീ എന്നിവയുടെ ആയിരം രൂപ വില വരുന്ന സമ്മാനപ്പൊതി ലഭിക്കും. എല്ലാ ആഴ്ചയും ഇരുപത്തിയഞ്ച് പേർക്ക് കുടുംബസമേതം കെടിഡിസിയിൽ മൂന്നു ദിവസത്തെ താമസ സൗകര്യവും ലഭിക്കും. മാസംതോറും ഒരാൾക്ക് ഒന്നാംസമ്മാനം പത്ത് ലക്ഷം രൂപയും രണ്ടാംസമ്മാനം അഞ്ചുപേർക്ക് രണ്ടുലക്ഷം രൂപവീതവും മൂന്നാംസമ്മാനം അഞ്ചുപേർക്ക് ഒരുലക്ഷം രൂപവീതവുമുണ്ട്. വാർഷിക ബമ്പർ സമ്മാനമായി ഒരാൾക്ക് 25 ലക്ഷം രൂപയും ലഭിക്കും.