പട്ന: 31 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ ബിഹാറിൽ പുതിയ മന്ത്രിസഭ വികസിച്ചു. ആർജെഡിക്ക് സിംഹഭാഗവും ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ 16 പേർ ആർജെഡിയിൽ നിന്നും 11 പേർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിൽ നിന്നും 11 പേർ കോൺഗ്രസിൽ നിന്നും രണ്ട് പേർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്നും (എച്ച്എഎം) മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഒരു സ്വതന്ത്ര എംഎൽഎയും മന്ത്രിസഭയിൽ ഉൾപെട്ടിട്ടുള്ളത്.
മുൻ ഭരണത്തിൽ നിതീഷ് കുമാർ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പും വിജിലൻസ്, വിദ്യാഭ്യാസം, കെട്ടിടനിർമാണം, ന്യൂനപക്ഷകാര്യം, സാമൂഹികക്ഷേമം, ജലവിഭവം എന്നീ വകുപ്പുകളും ആർ.ജെ.ഡിയുടെ കൈകളിലാകും. അതിനുപുറമെ ധനകാര്യം, ആരോഗ്യം, വാണിജ്യം, നികുതി, റോഡ് നിർമാണം, ദുരന്ത നിവാരണം, പരിസ്ഥിതിയും വനവും തുടങ്ങിയ വകുപ്പുകളും ആർ.ജെ.ഡി കൈകാര്യം ചെയ്യും. കോൺഗ്രസ് നിയമസഭാംഗങ്ങളായ അഫാഖ് ആലം, മുരാരി ലാൽ ഗൗതം എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്നുള്ള സന്തോഷ് സുമനും ഏക സ്വതന്ത്ര എം.എൽ.എ സുമിത് കുമാർ സിങ്ങും സത്യപ്രതിജ്ഞ ചെയ്തു.