പുരസ്കാര തുക തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കമ്മ്യൂണിസ്റ്റ് നേതാവ്. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ ആർ നല്ലകണ്ണാണ് തനിക്ക് പുരസ്ക്കാരമായി ലഭിച്ച പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
തമിഴ്നാട് സര്‍ക്കാരിന്റെ ‘തഗൈസല്‍ തമിഴര്‍’ പുരസ്കാരത്തിന് ഈ വർഷം അർഹനായത് ആർ നല്ലകണ്ണാണ്. പുരസ്ക്കാര തുകയായ പത്ത് ലക്ഷവും നല്ലകണ്ണിന്റെ കൈവശമുണ്ടായിരുന്ന അയ്യായിരം രൂപയും ചേർത്ത് 10,05000 രൂപയാണ് നല്ലകണ്ണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
പതിനഞ്ചാം വയസിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തനമാരംഭിച്ച ആർ നല്ലകണ്ണിന് സമരപോരാട്ടങ്ങളുടെ ഭാഗമായി പതിനാല് വർഷം ജയിൽ വാസം അനുഭവിക്കേണ്ടിവന്നു. 1967 മുതൽ ചെന്നൈ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നല്ലകണ്ണിന് സ്വന്തമായി വീടില്ല. സംശുദ്ധിയുടെ ആള്‍രൂപം എന്ന് തമിഴ് ജനത വിശ്വാസിക്കുന്ന ആർ നല്ലകണ്ണിന് 2007 ൽ കരുണാനിധി സർക്കാർ വീട് അനുവദിച്ചു. എന്നാൽ സൗജന്യ താമസം തന്റെ ആദർശത്തിന് വിരുദ്ധമാണെന്നായിരുന്നു നല്ലകണ്ണിന്റെ നിലപാട്. അതുകൊണ്ടു തന്നെ സർക്കാർ അനുവദിച്ച വീടിന് നല്ലകണ്ണ് വാടക നൽകിയിരുന്നു.