കേന്ദ്രസർക്കാർ ഫിഷറീസ് ബിൽ കൊണ്ടുവന്നത് കുത്തകകളെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിഷറീസ് ബിൽ രാജ്യത്തെ മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ളതല്ല. മറിച്ച് കടലും കടൽസമ്പത്തും വൻകിടകൾക്ക് തീറെഴുതാനുള്ളതാണ്. അതിനാണ് കേന്ദ്ര സർക്കാർ പ്രത്യേക നിയമനിർമാണം നടത്തുന്നത്. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സർക്കാരിന് ഒരു പ്രശ്നമല്ല. ഇന്ധനം, വൈദ്യുതി, കൃഷി തുടങ്ങിയവയെല്ലാം തീറെഴുതുകയാണ്. മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ ആവുന്നതെല്ലാം കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം ഭരിച്ച നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ മീൻപിടിത്ത മേഖല വിദേശ ട്രോളറുകൾക്ക് തുറന്നുകൊടുത്തു. ബിജെപി സർക്കാരാകട്ടെ ഒരു പടികൂടി കടന്ന് സംസ്ഥാന സർക്കാരുകൾക്കുള്ള നിയന്ത്രണാവകാശംകൂടി കവർന്നു. ബ്ലൂ ഇക്കണോമി എന്ന പേരിൽ നടപ്പാക്കുന്ന പുത്തൻ സാമ്പത്തിക നയം വെല്ലുവിളികളുടെ ആക്കം കൂട്ടും. ഗാട്ട് കരാറും ഡങ്കൽ നിർദേശങ്ങളും രാജ്യത്തെ കർഷകർക്ക് കൂടുതൽ അവസരവും വിപണിയും ലഭിക്കുമെന്നാണ് കോൺഗ്രസ് പറഞ്ഞത്. എന്നാൽ, ഇന്ന് കാർഷികമേഖല വലിയ തകർച്ച നേരിടുകയാണ്. ബ്ലൂ ഇക്കണോമി നയവും സമാനമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.