സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ജവഹർലാൽ നെഹ്റുവിനെ കർണാടക സർക്കാർ ഒഴിവാക്കി. ആസാദി ക അമൃത് മഹോത്സവിൻ്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിലാണ് നെഹ്രുവിനെ ഒഴിവാക്കിയത്. കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ആർഎസ്എസ് നേതാവ് സവർക്കറുടെ ചിത്രവും പേരും എല്ലാ പരസ്യങ്ങളിലും കർണാടകയിലെ ബിജെപി സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.
നെഹ്റുവിനെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ കർണാടക സർക്കാരിൻ്റെ നടപടിക്കെതിരെ വ്യാപകമായ പ്രധിഷേധനങ്ങൾ ഉയരുന്നുണ്ട്. നേരത്തെ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തിൽനിന്ന് സ്വാതന്ത്ര്യ സമര നായകൻ ഭഗത് സിംഗിനെക്കുറിച്ചുള്ള പാഠവും കർണ്ണാടക സർക്കാർ ഒഴിവാക്കിയിരുന്നു. പകരം ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തി. 2022- 23 അധ്യയന വർഷത്തെ പുസ്തകത്തിലാണ് ആരാണ് മികച്ച പുരുഷ മാതൃക എന്ന തലക്കെട്ടിൽ ഹെഡ്ഗേവാറിന്റെ പ്രസംഗമുള്ളത്. കർണാടകത്തിലെ ബിജെപി സർക്കാർ പാഠ്യപദ്ധതിയെപ്പോലും കാവിവൽക്കരിക്കുകയാണെന്നും ഹെഡ്ഗേവാറിന്റെ പ്രസംഗം ഒഴിവാക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിരുന്നു.