പ്രമുഖ വ്യവസായിയും ആകാശ എയർ വിമാനക്കമ്പനി ഉടമയുമായ രാഗേഷ് ജുൻജുൻവാല അന്തരിച്ചു. അയ്യായിരം രൂപയുടെ മൂലധനവുമായി ഓഹരി വിപണിയിൽ തുടക്കം കുറിച്ച രാഗേഷ് ജുൻജുൻവാല ഒടുവിൽ ഇന്ത്യൻ ഓഹരി കമ്പോളത്തിന്റെ മറുപേരായി മാറി. ഇന്ത്യൻ വാരൻ ബഫറ്റ് എന്നറിയപ്പെടുന്ന രാഗേഷ് ജുൻജുൻവാലയുടെ അന്ത്യം ഇന്ന് രാവിലെ മുംബൈയിലായിരുന്നു. ബിഗ് ബുൾ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുൾ മാർക്കറ്റ് എന്ന പേരുകളിലും ജുൻജുൻവാല അറിയപ്പെട്ടിരുന്നു.
1960 ജൂലൈ അഞ്ചിന് മുംബൈയിലെ ഒരു മാർവാടി കുടുംബത്തിൽ ജനിച്ച അദ്ദേഹം ആദായ നികുതി ഉദ്യോഗസ്ഥനായ അച്ഛനിൽ നിന്നാണ് ഓഹരി വിപണിയുടെ ബാലപാഠങ്ങൾ പഠിച്ചത്. പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ്, ബിൽകെയർ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോൺകോർഡ് ബയോടെക്, ഇന്നോവസിന്ത് ടെക്നോളജീസ്, മിഡ് ഡേ മൾട്ടിമീഡിയ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി, വൈസ്റോയ് ഹോട്ടൽസ്, ടോപ്സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.