എസ്എഫ്ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ ആരംഭിച്ച എസ് എഫ് ഐ- കെ എസ് യു ബാനര്‍ പോരില്‍ സെല്‍ഫ് ഗോളുമായി കെ എസ് യു.
‘വര്‍ഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ’ – എന്നാണ് കെ എസ് യു സ്ഥാപിച്ച പുതിയ ബാനറിലെ വാചകം. ഏകാധിപത്യത്തിന്റെ ക്രൂര ദിനങ്ങള്‍ ഓര്‍പ്പിക്കുന്ന ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ എന്ന മുദ്രാവാക്യം അഭിമാനത്തോടെ ബാനറാക്കി ഉയര്‍ത്തിയതാണ് കെ എസ് യുവിന് തിരിച്ചടിയായത്. ഒരു വ്യക്തിയിലേക്ക് രാജ്യം ചുരുങ്ങിയ കാലത്തെക്കുറിച്ച് അഭിമാനബോധത്തോടെ കെ എസ് യു ബാനര്‍ ഉയര്‍ത്തിയെന്നാണ് വിമര്‍ശനം.
മോദി സര്‍ക്കാരിന്റെ ഏകാധിപത്യ കാലത്ത് ഇന്ത്യ മോദിയുടേതല്ല, ഈ രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെതാണെന്ന് പറഞ്ഞു ഏകാധിപത്യത്തിനെതിരെ സമരം ചെയ്യുന്നത് ഈ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ജനാധിപത്യ സമൂഹമാണ്. അവരുടെ മുന്നിലേക്കാണ് പഴയ അടിയന്തരാവസ്ഥക്കാലത്തെ ഏകാധിപത്യ മുദ്രാവാക്യത്തെ കെ എസ് യു അഭിമാനത്തോടെ അവതരിപ്പിക്കുന്നതെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ചൂണ്ടിക്കാട്ടി. എസ് എഫ് ഐ പറയാന്‍ ശ്രമിച്ച രാഷ്ട്രീയത്തെ ഒടുവില്‍ അംഗീകരിച്ച മഹാരാജാസിലെ കെ.എസ്.യു ബാനറിന് മുകളില്‍ ഇനിയൊരു ബാനര്‍ കൊണ്ട് ഒന്നും സംവദിക്കേണ്ട ആവശ്യം എസ് എഫ് ക്ക് ഇല്ലെന്നും ആര്‍ഷോ പറഞ്ഞു.
അതേസമയം സമാധാനപരമായ ബാനര്‍ സംവാദം നടത്തിയ വിദ്യാര്‍ത്ഥി സംഘടനകളുടെ സമീപനത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.