ദേശീയ പതാക ഉയർത്താത്തവരെ രാജ്യം വിശ്വസിക്കില്ലെന്ന് ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര ഭട്ട്. ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആഹ്വനം ചെയ്തു. ഹർ ഘർ തിരംഗയുടെ ഭാഗമായി ദേശീയ പതാക ഉയർത്താത്തവർ ദേശീയ വാദികളല്ലെന്ന ബിജെപി അധ്യക്ഷന്റെ പ്രസ്താവന വിവാദമായതോടെ മഹേന്ദ്ര ഭട്ട് നിലപാട് മാറ്റി.
ബിജെപി പ്രവർത്തകരുടെ വീടുകളെ കുറിച്ചാണ് താൻ പറഞ്ഞതെന്നായിരുന്നു വിശദീകരണം. ഓരോ ബിജെപി പ്രവർത്തകനും പ്രധാനമന്ത്രിയുടെ ആഹ്വാനം പിന്തുടരണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും മഹേന്ദ്ര ഭട്ട് പറഞ്ഞു. രാജ്യത്തിന് വേണ്ടി വികാരമുള്ളവർ വീടുകളിൽ ദേശീയ പതാക ഉയർത്താൻ മടിക്കില്ല. ദേശീയ പതാക ഉയർത്തിപ്പിടിച്ചാണ് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ കഴുമരത്തിലേക്ക് പോയത്. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ ഭാഗമായി എല്ലാവീടുകളിലും ദേശീയ പതാക ഉയർത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും മഹേന്ദ്ര ഭട്ട് പറഞ്ഞു.
നേരത്തെ ജയ്ശ്രീറാം പാട്ടിനിടയിൽ ദേശീയ പതാക വീശിയ കേരളത്തിലെ ബിജെപി പ്രവർത്തകരുടെ നടപടി വിവാദമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യൻ പതാക പ്രഫൈൽ പിക്ച്ചറാക്കാനുള്ള മോഡിയുടെ ആഹ്വനം ഇന്ത്യൻ ഫ്ലാഗ് കോഡിന് എതിരാണെന്ന ഒരു കേസും നിലവിലുണ്ട്.