2025 ഓടെ ദേശീയ പാത വികസനം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൻ എച്ച് എ ഐക്ക് നേരിട്ട് കുഴിയടക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പൊതുമരാമത്ത് വകുപ്പ് കുഴിയടക്കാൻ സന്നദ്ധമാണ്. അതിനാവശ്യമായ ഫണ്ട് നൽകിയാൽ അറ്റകുറ്റപണികൾ വളരെ വേഗം പൂർത്തിയാക്കാമെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ജില്ലകളിലും നേരിട്ട് പോയി ദേശീയപാത നിർമാണ പുരോഗതി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ആലപ്പുഴയിൽ ദേശീയപാതയിൽ പൊതുമരാമത്തുവകുപ്പ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതേ രീതി പിന്തുടരാനാണ് തീരുമാനം. ഇക്കാര്യം ദേശീയപാത അതോറിറ്റിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു. റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും പൊതുമരാമത്തു വകുപ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.