കോൺഗ്രസിനെയും ബിജെപിയെയും മുഖ്യധാരാ മാധ്യമങ്ങളെയും ഒരുപോലെ വിമർശിച്ച് പിണറായി വിജയൻ. കേന്ദ്ര സർക്കാർ നടത്തുന്ന രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ കോർപ്പറേറ്റ് മാധ്യമങ്ങൾ മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട് സ്വീകരിക്കുമ്പോഴും അവർ മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് കഴിഞ്ഞ മാസം വേൾഡ് പ്രസ് ഫ്രീഡം പ്രസ് ഇൻഡക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഇടതുപക്ഷത്തിന്റെ ജനഹിത പ്രവർത്തനങ്ങളെ തുരങ്കം വെക്കാൻ ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നു. അവർ എങ്ങനെ ശ്രമിച്ചാലും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ സർക്കാർ പിന്നോട്ടുപോകില്ല. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനെ സ്വീകരിച്ചു. എൽഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവാണ്. എന്നാൽ മറ്റു ചിലരുണ്ട്. ഈ പാർട്ടി ഇവിടെ നിലനിൽക്കരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടർഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടർത്തുന്നു. ഇടത് മുന്നണിയെ ദുർബലപ്പെടുത്താൻ സിപിഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വം ചിന്തിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒട്ടേറെ ആക്രമണങ്ങൾ അവർ അഴിച്ചുവിട്ടു. ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടേണ്ടിവന്ന ഒരു പാർട്ടിയാണ് സിപിഐ(എം) എന്നും പിണറായി വിജയൻ വ്യക്തമാക്കി.