ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം ഇഡി നല്കുന്ന സമണ്‍സുകള്‍ അന്യായവും തോന്ന്യവാസവും അവിവേകവും അധികാരപരിധിയ്ക്കു പുറത്തുള്ളതുമാണെന്ന് ആരോപിച്ച് കിഫ്ബിയും ഹൈക്കോടതിയില്‍. സമണ്‍സുകളിന്മേലുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇഡിയ്ക്കു നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇഡിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നതാണ് ഹര്‍ജി. സിഇഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂള തോമസ് എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
സംസ്ഥാന സര്‍ക്കാരിനുള്ള അധികാരമുപയോഗിച്ച് നിയമം അനുശാസിക്കുന്ന മാര്‍ഗത്തിലാണ് കിഫ്ബി രൂപീകരിച്ചത്. റിസര്‍വ് ബാങ്കിന്റെ എല്ലാ അനുമതികളുമുണ്ട്. മസാലബോണ്ടിലോ കിഫ്ബി പ്രവര്‍ത്തനത്തിലോ പരാതികളുണ്ടായാല്‍ നടപടിയെടുക്കേണ്ടത് റിസര്‍വ് ബാങ്കാണ്. കിഫ്ബി ഇടപാടുകള്‍ ഫെമ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മസാലബോണ്ടില്‍ കിഫ്ബി ഫെമ നിയമം ലംഘിച്ചുവെന്ന ഇഡിയുടെ ആരോപണം പ്രഥമദൃഷ്ട്യാതന്നെ അടിസ്ഥാനമില്ലാത്തതാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.
ഇഡി ആവശ്യപ്പെട്ട അക്കൗണ്ട് രജിസ്റ്റര്‍ ഉള്‍പ്പെടെ മസാലബോണ്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കി. ഒരേ രേഖകള്‍തന്നെ പലതവണ ആവശ്യപ്പെട്ടു. കിഫ്ബി ഉദ്യോഗസ്ഥന് ഹാജരായപ്പോള്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മൊഴിയെടുത്തത്. ഇഡിക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ നല്കാന് ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്വന്നസമയത്തും നടപടികള്‍ തുടര്‍ന്നു. ഇത്രയേറെ ചോദ്യംചെയ്യലും രേഖകളുടെ പരിശോധനയും കഴിഞ്ഞിട്ടും കേസെടുക്കാനോ പരാതി രജിസ്റ്റര്‍ ചെയ്യാനോ കഴിഞ്ഞിട്ടില്ല. എന്നാല്‍, തുടര്‍ച്ചയായി സമന്‍സുകള്‍ അയക്കുകയും അവ അപ്പോള്‍തന്നെ മാധ്യമങ്ങള്‍ക്ക് നല്കുകയുമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.