ദേശീയ പാതയിലെ കുഴികൾ ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നിർമ്മാണത്തിലെ അപാകതകളാണ് ദേശീയപാതയിലെ കുഴികൾക്കു കാരണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സമ്മതിച്ചു. കുഴികൾ അടക്കുന്നതിന് കരാറുകാർക്ക് ഉത്തരവാദിത്തമുണ്ടെന്നും അത് ചെയ്യുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.
ഹൈക്കോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് കരാറുകാർ കുഴിയടക്കാൻ തയ്യാറായത്. കുഴിയടക്കാൻ കരാറുകാർക്ക് പത്ത് ദിവസം അനുവദിച്ച ഹൈക്കോടതി കരാറുകാർ ശരിയായ രീതിയിലാണോ കുഴിയടക്കുന്നതെന്ന് വിലയിരുത്താൻ കളക്ടർമാർക്ക് നിർദേശവും നൽകിയിരുന്നു. ദേശീയ പാതയിലെ കുഴിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ നിർദേശം.
ദേശീയ പാതയിലെ കുഴിയടക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ ദേശീയ പാതയിലെ കുഴിയടക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. അതേസമയം ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാത നിർമ്മാണ അഴിമതിയെക്കുറിച്ചുള്ള സിബിഐ കുറ്റപത്രത്തിൽ ഉദ്യോഗസ്ഥരെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് വി മുരളീധരൻ വ്യക്തമായ മറുപടി പറഞ്ഞില്ല.