ആ ചോദ്യം ന്യായമാണ്. പക്ഷേ, സംഭവിച്ചത് അതല്ല. ന്നാ താന്‍ കേസു കൊട് എന്ന സിനിമയുടെ പരസ്യവാചകം ചൊടിപ്പിച്ചത് ഒരു വിഭാഗം ഇടതനുഭാവികളെയാണ്. അത്രത്തോളം പോകേണ്ടിയിരുന്നോ എന്നു ചോദിക്കുന്നതും ഇടത്തുള്ളവര്‍ തന്നെ. അപ്രതീക്ഷിതമായ ഒരു പരസ്യം കിട്ടിയ സന്തോഷത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും.
പരസ്യവാചകത്തെ എതിര്‍ത്തവരും അനുകൂലിച്ചവരും ഒരുപോലെ സിനിമാ പോസ്റ്റര്‍ പങ്കുവെച്ചു. നിമിഷം കൊണ്ട് സംഗതി ഹിറ്റായി. പരസ്യം സൃഷ്ടിച്ചവര്‍ക്ക് ലോട്ടറിയടിച്ച സന്തോഷം.
പക്ഷേ, ഇതിനിടയില്‍ തടി കഴിച്ചിലായ വേറൊരു കൂട്ടരുണ്ട്. അത് ബിജെപി അനുഭാവികളാണ്. എങ്ങാനും ദേശീയപാതയിലെ കുഴികളെക്കുറിച്ചാണ് സിനിമയില്‍ പരാമര്ശിക്കുന്നതെങ്കില് ബഹിഷ്കരണാഹ്വാനം നടത്തേണ്ടിയിരുന്നത് അവരാണ്. രക്ഷപെട്ട സന്തോഷത്തിലാണവര്‍.
കണക്കുനോക്കിയാലും പരസ്യത്തിനെതിരെ നിലപാടെടുത്ത ഇടതനുഭാവികള്ക്കൊപ്പമല്ല കണക്കുകള്‍.
സംസ്ഥാന ഹൈവേയുടെ ആകെ നീളം 679.72 കിലോമീറ്റര്‍. നാശനഷ്ടം വന്ന റോഡിന്റെ നീളം 13.62 കിലോമീറ്റര്‍.
ദേശീയ പാത ആകെ 921.86 കിലോമീറ്റര്‍. കേടുപാടുകള്‍ സംഭവിച്ചത് 106.2 കിലോമീറ്റര്‍. ശതമാനക്കണക്കെടുത്താല്‍ സംസ്ഥാന പാതയുടെ 2 ശതമാനം റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ ദേശീയപാതയുടെ കാര്യത്തില്‍ അത് 11.5 ശതമാനം. സംസ്ഥാനപാതയുടെ പതിന്മടങ്ങ് നാശനഷ്ടം ദേശീയപാതയ്ക്കു സംഭവിച്ചിട്ടുണ്ട്.
അപ്പോള്‍ സ്വാഭാവികമായും പ്രതിക്കൂട്ടിലാകേണ്ടത് കേന്ദ്രസര്‍ക്കാരും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമാണ്. ബഹിഷ്കരണാഹ്വാനം വരേണ്ടിയിരുന്നത് ബിജെപിയില്‍ നിന്നും….
ജസ്റ്റ് മിസായിപ്പോയി.