കിഫ്ബിയുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ സമന്‍സ് അയച്ച ഇ.ഡിക്കെതിരെ ഹൈക്കോടതി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഇ. ഡി തന്നെ പറയുന്നു. പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇത്രയും വിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇത്രയും വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ. ഡിയുടെ കൈയ്യിലുള്ള തെളിവുകളെന്താണ് ? തോമസ് ഐസക് പ്രതിയോ പ്രതിയെന്ന് സംശയിക്കുന്നയാളോ അല്ല. അങ്ങനെയാണെങ്കില്‍ ഇത്ര വിശദമായ വിവരങ്ങള്‍ തേടുന്നതില്‍ അര്‍ത്ഥമുണ്ട്. ഹര്‍ജിക്കാരന്റെ സ്വകാര്യതയെ മാനിക്കണം. അതിനാല്‍ സ്വകാര്യവിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് വ്യക്തത വരുത്താന്‍ ഇ.ഡി തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചു. തോമസ് ഐസക് പ്രതിയല്ലെന്ന് കോടതിയെ അറിയിച്ച ഇ.ഡി അദ്ദേഹം സാക്ഷിയെന്ന നിലയില്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഇ.ഡി വാദിച്ചെങ്കിലും ഇ.ഡി നടപടിയില്‍ വ്യക്തത വേണമെന്ന നിലപാടില്‍ കോടതി ഉറച്ചുനിന്നു. തുടര്‍ന്ന് മറുപടി നല്കാന് ഇ.ഡി കൂടുതല്‍ സമയം തേടി. ഇത് കോടതി അംഗീകരിച്ചു. അടുത്ത ബുധനാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ജസ്റ്റിസ് വി.ജി അരുണ്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. അതുവരെ തോമസ് ഐസക് ഇ. ഡിക്ക് മുന്പില് ഹാജരാകേണ്ടതില്ല
തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ടു സമണ്‍സിലും പറഞ്ഞിട്ടില്ല.
ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള അന്വേഷണം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണ്. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിയമവിധേയമാണ്. താന്‍ ഹാജരാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം പൊതുമണ്ഡലത്തില്‍ ഉള്ളതാണ്. അവ സമാഹരിക്കാന്‍ തന്നെ നോട്ടീസയച്ചു വിളിപ്പിക്കേണ്ട കാര്യമില്ല. വരുമാന നികുതി സംബന്ധിച്ച രേഖകള്‍ ഇന്‍കം ടാക്സ് വകുപ്പിന്റെ കൈവശമുണ്ട്. ഇഡിയ്ക്ക് അവരുമായി ബന്ധപ്പെട്ടാല്‍ കിട്ടാവുന്നതേയുള്ളൂവെന്നും തോമസ് ഐസകിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ത്ഥ് ദവെ വാദിച്ചു.