സംസ്ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാക്കുമെന്ന് ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്. ഈ ലക്ഷ്യമാണ് ‘തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം’ പദ്ധതിക്കുള്ളതെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം പദ്ധതിയുടെ ഭാഗമായി പരമാവധി ക്രഷുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്രഷുകൾ പൊതുമേഖലയിൽ മാത്രമല്ല സ്വകാര്യ മേഖലയിലും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
‘തൊഴിൽ ചെയ്യുന്ന അമ്മമാർക്ക് കുഞ്ഞിനെപ്പറ്റിയുള്ള ആകുലത വളരെ വലുതാണ്. ആറുമാസം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ. അത് കഴിഞ്ഞ് ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ വിട്ടുപിരിയുന്നതിന്റെ വേദനയാണ്. പല അമ്മമാരും കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കാൻ ജോലിയുപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യം കൂടി ഉൾക്കൊണ്ടാണ് തൊഴിലിടങ്ങളിൽ ക്രഷുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ സ്ത്രീകൾ ഓരോ വർഷം കഴിന്തോറും വർധിക്കുന്നുണ്ടെങ്കിലും ജനസംഖ്യാ ആനുപാതികമായി ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. പല സാമൂഹിക കാര്യങ്ങളാലും സ്ത്രീകൾ തൊഴിലിടം ഉപേക്ഷിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുയിടങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് 2017ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിൽ അനുശാസിക്കും വിധം തൊഴിലിടങ്ങളിൽ ക്രഷുകൾ ആരംഭിക്കാൻ തീരുമാനിച്ചത്’ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു