20 രൂപ നല്കി ദേശീയ പതാക വാങ്ങാത്തവര്‍ക്ക് വിതരണക്കാര്‍ റേഷന്‍ നിഷേധിച്ചതായി പരാതി. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം. കര്‍ണാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. റേഷന്‍ വാങ്ങാന്‍ എത്തിയ റേഷന്‍ കാര്‍ഡ് ഉടമകളോട് 20 രൂപയുടെ പതാക വാങ്ങണമെന്ന് നിര്‍ദേശിച്ചെന്നും നിര്‍ദേശം പാലിക്കാത്തവര്‍ക്ക് റേഷന്‍ നല്‍കിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സ്വാതന്ത്ര്യത്തിന്റ 75 വര്‍ഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഹര് ഘര്‍ തിരംഗ’ ക്യാംപയിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് 20 രൂപ ഈടാക്കുന്നതെന്നാണ് റേഷന്‍ വ്യാപാരികളുടെ വിശദീകരണം. റേഷന്‍ സംഭരിക്കുന്ന ഘട്ടത്തില്‍ വ്യാപാരികളില്‍ നിന്ന് സര്‍ക്കാര്‍ നേരത്തെ പണം ഈടാക്കിയിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് ശ്രമിക്കുന്നതെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.
ആരോപണം ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിജെപി എംപി വരുണ്‍ ഗാന്ധിയും വീഡിയോ ഷെയര്‍ ചെയ്തു.
കര്‍ണാല്‍ ബ്രേക്കിംഗ് ന്യൂസ് എന്ന വെബ്സൈറ്റ് തയ്യാറാക്കിയ ഈ വീഡിയോയില്‍ ‘എനിക്ക് പതാക വേണ്ട, റേഷന്‍ മതി”യെന്ന് ആളുകള്‍ പറയുന്നതായി കാണാം.