മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കുള്ളതായി സംശയം. കേസിൽ സുധാകരനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിലെ പരാതിക്കാരനായ അനൂപ് കെ, സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൺ മാവുങ്കലിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നൽകിയത്. ഈ പണത്തിന്റെ പങ്ക് സുധാകരൻ കൈപ്പറ്റിയിട്ടുണ്ടോ എന്ന കാര്യമാകും പോലീസ് അന്വേഷിക്കുക. മോൻസൺ മാവുങ്കലുമായി നല്ല അടുപ്പം പുലർത്തുന്ന സുധാകരന് മോൻസൺ പ്രതിയായ മറ്റു കേസുകളിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.
അതേസമയം മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഐജി ജി ലക്ഷ്മണ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഇൻസ്പെക്ടർ എ അനന്തലാൽ, ഇൻസ്പെക്ടർ എ ബി വിബിൻ, മുൻ ഇൻസ്പെക്ടർ പി ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുന്നുണ്ട്.