ബിജെപിയുടെ കിങ്കരപ്പണി ഏറ്റെടുത്ത് കിഫ്ബിയെ വേട്ടയാടാനിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുഖമടച്ച തിരിച്ചടിയ്ക്കൊരുങ്ങി കേരളം. മുൻധനമന്ത്രി തോമസ് ഐസക്കിന് നൽകിയ സമൻസിനോടുള്ള നിയമപരവും രാഷ്ട്രീയവുമായ പ്രതികരണം, സംഘപരിവാറിനോട് നേർക്കുനേരെയുള്ള അങ്കം കുറിക്കലാകും. ഇഡിയുടെ കളി കേരളത്തിൽ വിലപ്പോവില്ല എന്ന സന്ദേശം രാജ്യത്തിനാകെ നൽകാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ബിജെപിയ്ക്കെതിരെയുള്ള പ്രതിപക്ഷ മുന്നേറ്റത്തിന് ഈ പോരാട്ടം ഉശിരുപകരുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തൽ.
കിഫ്ബിയിൽ ഇഡിയ്ക്കെന്തു കാര്യം എന്ന ചോദ്യം കോടതിയിലും പൊതുമണ്ഡലത്തിലും ശക്തമായി ഉയരും. കിഫ്ബിയിൽ ഇത്രയും നാൾ നീണ്ട അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഇഡി കണ്ടെത്തിയ കുറ്റമെന്ത് എന്ന് അവർക്ക് കോടതിയെ ബോധ്യപ്പെടുത്തേണ്ടി വരും. അതത്ര എളുപ്പമല്ലെന്ന് നിയമവിദഗ്ധരും കരുതുന്നു.
ഇഡിയ്ക്കു മുമ്പാകെ ഹാജരാകാൻ കിഫ്ബി സിഇഒ കെ എം എബ്രഹാമിന് ആദ്യത്തെ നോട്ടീസ് കിട്ടിയത് 2021 ഫെബ്രുവരി മൂന്നിനാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്. അതടക്കം ആറു തവണയാണ് കിഫ്ബിയിലെ ഉയർന്ന ഉദ്യോഗസ്ഥർ ഇഡി ഓഫീസിൽ നേരിട്ടെത്തിയത്. ഒരു തവണ കെ എം എബ്രഹാമും, അഞ്ചു തവണ ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലി തോമസും. ഇതിനു പുറമെ മസാലാ ബോണ്ടിന്റെ കടലാസു പണികൾ ചെയ്ത മറ്റുദ്യോഗസ്ഥരെയും പലതവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആയിരക്കണക്കിന് പേജുള്ള രേഖകളാണ് കിഫ്ബി ഈ അവസരങ്ങളിൽ ഇഡിയ്ക്കു കൈമാറിയത്.
ഒരു കൊല്ലവും ആറു മാസവും നീണ്ട ചോദ്യം ചെയ്യലുകളും അന്വേഷണവും. കൈമാറിക്കിട്ടിയത് കിഫ്ബിയുടെ പക്കലുള്ള ഏതാണ്ടെല്ലാ രേഖകളും. എന്നിട്ടും കിഫ്ബി ചെയ്ത കുറ്റമെന്ത് എന്ന് വ്യക്തമാക്കാൻ ഇഡിയ്ക്കായിട്ടില്ല. കിഫ്ബി എന്തു കുറ്റം ചെയ്തു എന്ന ചോദ്യത്തിന് ഇഡിയെക്കൊണ്ട് നേർക്കുനേരെ ഉത്തരം പറയിപ്പിക്കണം എന്നാണ് നിയമവിദഗ്ധരുടെ നിർദ്ദേശം. മസാലാബോണ്ടുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച് ഔദ്യോഗികമായി മറുപടി പറയുക എന്ന വെല്ലുവിളിയാണ് ഇഡിയ്ക്കു നേരെ ഉയരുന്നത്. ഇവിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അൽപം വിയർക്കേണ്ടി വരും.
കാരണം വ്യക്തം. മസാലാബോണ്ട് വഴി നിക്ഷേപം സ്വീകരിച്ചത് ഫെമ ലംഘനമാണെങ്കിൽ, പ്രതിപ്പട്ടികയിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും പെടും. അവരാണ് മസാലാ ബോണ്ട് സ്വീകരിക്കാൻ കിഫ്ബിയ്ക്ക് അനുമതി നൽകിയത്. പെട്ടിക്കടയിൽ നിന്ന് മുറുക്കാൻ വാങ്ങുന്നതുപോലെ വാങ്ങാൻ കഴിയുന്നതല്ല മസാലാ ബോണ്ട്. റിസർവ് ബാങ്ക് അനുമതി നൽകാതെ, ഒരു രൂപ പോലും ഇത്തരത്തിൽ വാങ്ങാൻ ആർക്കും കഴിയില്ല. മസാലാ ബോണ്ടിന് അനുമതി നൽകുന്നതു മുതൽ ലോൺ രജിസ്ട്രേഷൻ നമ്പർ വരെ അനുവദിച്ചത് റിസർവ് ബാങ്കാണ്. ആ അനുമതി പുറപ്പെടുവിച്ച ഉദ്യോഗസ്ഥരെ ഇതുവരെ ചോദ്യം ചെയ്തോ എന്ന ചോദ്യത്തിനും ഇഡി മറുപടി പറയേണ്ടി വരും.
മാത്രമല്ല, മസാലാ ബോണ്ടു സ്വീകരിച്ച മറ്റു ബോഡി കോർപറേറ്റുകളും ഇതര സ്ഥാപനങ്ങളും നിയമക്കുരുക്കിലാകും. 3000 കോടിയുടെ മസാലാ ബോണ്ടിറക്കിയ നാഷണല്‍ ഹൈവേ അതോറിട്ടി, 4000 കോടിയുടെ നിക്ഷേപം സ്വീകരിച്ച എന്‍ടിപിസി, 6300 കോടി സ്വീകരിച്ച എച്ച്ഡിഎഫ്സി, 1950 കോടി സ്വീകരിിച്ച ഇന്ത്യന്‍ റിന്യുവബിള്‍ എനര്‍ജി ഡെവലപ്പ്മെന്റ് ഏജന്‍സി ലിമിറ്റഡ് എന്നിവരെല്ലാം ഫെമ ലംഘനത്തിന് സമാധാനം പറയേണ്ടി വരും. ഇവിടെയെല്ലാം പാലിച്ച നടപടിക്രമങ്ങൾ കിഫ്ബിയും പാലിച്ചിട്ടുണ്ട്. അപ്പോൾ കിഫ്ബിയുടെ നിക്ഷേപത്തിനു മാത്രമായി എങ്ങനെ ഫെമ ലംഘനം ചുമത്തുമെന്ന ചോദ്യത്തിന് ഇഡി വ്യക്തമായ ഉത്തരം നൽകിയേ തീരൂ.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കിഫ്ബി ഓഫീസിൽ കാട്ടിയ അതിക്രമം ഹൈക്കോടതി വിലക്കിയതും പോരാട്ടത്തിന് വീറു പകരും. 2021 മാർച്ച് 25നാണ് ആദായ നികുതി ഉദ്യോഗസ്ഥരുടെ സംഘം കിഫ്ബി ഓഫീസിലേയ്ക്ക് ഇരച്ചു കയറിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും 12 ദിവസം മുമ്പ്. ചോദ്യം ചെയ്യലിന്റെ പേരിൽ കിഫ്ബിയിലെ മുഴുവൻ പേരെയും പത്തു മണിക്കൂറോളം അവർ തടഞ്ഞുവെച്ചു. ഇൻകംടാക്സ് വകുപ്പിന്റെ ഈ നടപടികൾ ഹൈക്കോടതി പിന്നീട് സ്റ്റേ ചെയ്തു.
അന്വേഷണത്തിനുള്ള അധികാരത്തിന്റെ മറവിൽ ഏജൻസികൾ നടത്തുന്ന തോന്നിയവാസത്തിന് മൂക്കുകയറിടാൻ രംഗത്തിറങ്ങുകയാണ് സിപിഎമ്മും സർക്കാരും. തങ്ങൾ ചെയ്ത കുറ്റമെന്തെന്ന് പറയൂ, എന്ന വെല്ലുവിളിയാണ് അവർ ഇഡിയ്ക്കു മുന്നിൽ ഉയർത്തുന്നത്. ഈ ചോദ്യത്തോട് ഇഡിയ്ക്കു നേരിട്ടു പ്രതികരിക്കേണ്ടി വരും. ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാതെ കിഫ്ബി ഉദ്യോഗസ്ഥരെ നിരന്തരമായി വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിക്കുകയും വാർത്ത സൃഷ്ടിയ്ക്കുകയും ചെയ്യുകയാണ് ഇഡി. ഈ ധിക്കാരത്തെ നിയമപരമായി നേരിടാനാണ് സിപിഎമ്മും മുൻധനമന്ത്രിയും രംഗത്തിറങ്ങുന്നത്. ഇനിയുള്ള നാളുകൾ ഇഡിയ്ക്ക് നിർണായകമാണ്.
മസാലാ ബോണ്ടിലെ ഫെമ ലംഘനം എന്തെന്ന് അവർക്കു ഔദ്യോഗികമായി വ്യക്തമാക്കേണ്ടി വരും. അങ്ങനെയൊരു ലംഘനം ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയാൽ, അനുമതി നൽകിയ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെ ഇതുവരെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന ചോദ്യം ഉയരും. മസാലാ ബോണ്ടു സ്വീകരിച്ച നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയടക്കമുള്ള സ്ഥാപനങ്ങൾക്കു നേരെ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല എന്നും വ്യക്തമാക്കേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ ഇഡിയ്ക്കുള്ള കുരുക്കാണ് സിപിഎം മുറുക്കുന്നത്.
1 Comment
ഭരണ കൂടത്തിന്റെ രാഷ്ട്രീയ ഉപകരണം ആയി ഒരു സംവിധാനവും പ്രവർത്തിച്ചു കൂടാ …..
ജനങ്ങളെ ബേദ്ധ്യപ്പെടുത്താനും പാവകളായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ തിരുത്താനും തീർച്ചയായും ജീവനുള്ള വ്യക്തതയോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ചുമതല തന്നെയാണ്…..
അഭിവാദ്യങ്ങൾ –
കരളുറപ്പുള്ള കേരളം ….
നാസർ ആറ്റുപറമ്പത്ത്