ആയുധ നിയമം ലംഘിച്ച കുറ്റത്തിന് ഉത്തര്‍പ്രദേശ് മന്ത്രിക്ക് ഒരു വര്‍ഷം തടവ്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ എംഎസ്എംഇ- ഖാദി വകുപ്പ് മന്ത്രി രാകേഷ് സചനാണ് കാന്‍പൂര്‍ കോടതി ഒരു വര്‍ഷത്തെ തടവും 1500 രൂപ പിഴയും വിധിച്ചത്. നിയമ വിരുദ്ധമായി തോക്ക് കൈവശം വച്ചതിന് 1991ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുപ്പത് വര്‍ഷത്തിന് ശേഷമുള്ള കോടതി വിധി. ശിക്ഷ മൂന്ന് വര്‍ഷത്തില്‍ കുറവായതിനാല്‍ അപ്പീല്‍ നല്കാന് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു. അതേസമയം വിധിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ക്കാണ് കോടതി സാക്ഷിയായത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷ വിധിച്ചിരുന്നില്ല. എന്നാല്‍ കുറ്റക്കരാനാണെന്ന വിധി മന്ത്രി തട്ടിപ്പറിച്ചോടി. ഉത്തരവ് തട്ടിപ്പറിച്ചോടിയെന്ന് കോടതി ജീവനക്കാരന് പരാതി നല്കി. കാന്‍പൂര്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജീവനക്കാരനാണ് കോട്വാലി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് പൊലീസ് കോടതിയിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി സി സി ടി വി ദൃശ്യങ്ങളും ശേഖരിച്ചു. സംഭവം വിവാദമായതോടെ മന്ത്രി കോടതിയില്‍ ഹാജരാവുകയായിരുന്നു. തുടര്‍ന്നാണ് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. അതേസമയം വിധി തട്ടിപ്പറിച്ചോടിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. 2009ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഫത്തേപ്പൂര്‍ സീറ്റില്‍ നിന്ന് ലോക്സഭയിലെത്തിയ രാകേഷ് സചന് 2022 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായാണ് ബിജെപിയിലെത്തിയത്
