തെഹ്രിക്-ഇ-താലിബാൻ പാക്കിസ്ഥാൻറെ (പാകിസ്ഥാൻ താലിബാൻ – ടിടിപി) മൂന്ന് കമാൻഡർമാർ കൊല്ലപ്പെട്ടു. തെക്ക്-കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിലാണ് കമാൻഡർമാർ കൊല്ലപ്പെട്ടത്. ഒമർ ഖാലിദ് ഖൊറാസാനി എന്ന അബ്ദുൾ വാലി, ഹാഫിസ് ദൗലത്ത്, മുഫ്തി ഹസൻ എന്നിവരാണ് ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. മൂന്ന് കമാൻഡർമാരും അഫ്ഗാനിസ്ഥാനിലെ കുനാർ, നംഗർഹാർ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇവർ ബിർമലിൻ മേഖലയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് കാർ മൈനിൽ തട്ടി പൊട്ടിത്തെറിച്ചത്.
അതേസമയം അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ 120 ലധികം പേർ കൊല്ലപ്പെട്ടെന്നും നൂറ് കണക്കിന് പേർക്ക് പരിക്കേറ്റെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകണമെന്ന് താലിബാൻ സർക്കാരിനോട് ഐക്യരാഷ്ട്രസഭ അഭ്യർത്ഥിച്ചു, അതുവഴി അവർക്ക് കൂടുതൽ ആക്രമണങ്ങളില്ലാതെ മതപരമായ ചടങ്ങുകൾ നടത്താൻ കഴിയുമെന്ന് ഐക്യരാഷ്ട്ര സഭ പ്രത്യാശ പ്രകടിപ്പിച്ചു.