കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് കേന്ദ്ര സഹായം ഏറെയും ലഭിച്ചത് ഗുജറാത്തിനും ഉത്തർപ്രദേശിനുമെന്ന് കണക്കുകൾ. കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച കണക്കിലാണ് മറ്റ് സംസ്ഥാനങ്ങളോടുള്ള അവഗണന വ്യക്തമാക്കുന്ന വിവരങ്ങളുള്ളത്. സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറിനായി കേന്ദ്ര സർക്കാർ അനുവദിച്ചത് 2,754 കോടി രൂപയാണ്. ഇതിൽ 608 കോടി രൂപയും ലഭിച്ചത് ഗുജറാത്തിനാണ്. ഏറ്റവും കൂടുതൽ തുക ലഭിച്ച രണ്ടാമത്തെ സംസ്ഥാനം ഉത്തർപ്രദേശാണ്. 503 കോടി രൂപയാണ് യു.പിക്ക് ലഭിച്ചത്. ആകെ അനുവദിച്ച തുകയുടെ പകുതിയോളവും ഈ രണ്ട് സംസ്ഥാനങ്ങൾക്കാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.
2022 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ അത്ലറ്റുകളിൽ 40 ശതമാനം പേരും പഞ്ചാബ്, ഹരിയാന, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. കണക്കുകൾ പുറത്തുവന്നതോടെ കൂടുതൽ താരങ്ങളെ സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനല്ല, പകരം രാഷ്ട്രീയ താത്പര്യം മുൻനിർത്തിയാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നതെന്ന വിമർശനം ശക്തമായി.