2022 കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ മലയാളി താരങ്ങൾ ചരിത്രം രചിച്ചു. മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറുമാണ് ഒന്നും രണ്ടും സ്ഥാനം നേടി സ്വർണ്ണവും വെള്ളിയും സ്വന്തമാക്കിയത്. ഫൈനലിൽ 17.03 മീറ്റർ ചാടി എൽദോസ് സ്വർണം നേടിയപ്പോൾ 17.02 മീറ്റർ ചാടി അബ്ദുള്ള അബൂബക്കർ വെള്ളിയും സ്വന്തമാക്കി.
ഇവരിലൂടെ കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ ഒരേസമയം രണ്ട് മെഡലുകൾ ഇന്ത്യ നേടി. ചരിത്രത്തിൽ ആദ്യമായി കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പിൽ സ്വർണ്ണം നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടം ഇനി എറണാംകുളം സ്വദേശി എൽദോസിന് സ്വന്തം. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ പതിനാറാമത് സ്വർണ്ണമാണ് എൽദോസ് നേടിയത്. ബെർമൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കല മെഡൽ കരസ്ഥമാക്കിയത്. ഇന്ത്യൻ താരമായ പ്രവീൺ ചിത്രാവൽ നാലാമതും എത്തി.
ചരിത്രത്തിന്റെ ഭാഗമായി ഇന്ത്യക്ക് അഭിമാനമായി മാറിയ മലയാളി താരങ്ങളെ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അഭിനന്ദിച്ചു. രജിത്തിന് അഭിമാനകരമായ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്നും കേരളം അത്ലറ്റിക്സിൽ തിരിച്ചുവരുന്നതിന്റെ ലക്ഷണമാണിതെന്നും മന്ത്രി പറഞ്ഞു.