ഉപഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കാൻ എസ്എസ്എൽവിക്കായില്ലെന്ന് ഐ എസ് ആർ ഒ. ഉപഗ്രഹങ്ങളെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനു പകരം ദീർഘവൃത്ത ഭ്രമണപഥത്തിലാണ് എസ്എസ്എൽവി ഡി-1 എത്തിച്ചതെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) ഇന്ന് രാവിലെ 9.18 ന് ശ്രീഹരിക്കോട്ടയിലെ സാധീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. രാജ്യത്തെ 75 സർക്കാർ സ്കൂളുകളിലെ 750 പെൺകുട്ടികൾചേർന്നു നിർമിച്ച ആസാദിസാറ്റിനെയും ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒഎസ് 02നെയും വഹിച്ചാണ് എസ്എസ്എൽവി വിക്ഷേപണം നടത്തിയത്.
അഞ്ഞൂറ് കിലോമീറ്റർ ദൂരപരിധിയിൽ അഞ്ഞൂറ് കിലോഗ്രാമിൽ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാൻ എസ്എസ്എൽവിയ്ക്ക് സാധിയ്ക്കും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ വാഹനം. വിക്ഷേപണത്തിന് തയ്യാറെടുക്കാൻ പിഎസ്എൽവിക്ക് 40 ദിവസം വേണമെന്നിരിക്കെ എസ്എസ്എൽവിക്ക് കേവലം ഒരാഴ്ച മാത്രം മതി. കുറഞ്ഞ ചിലവിൽ കുറഞ്ഞ സമയം കൊണ്ട് വിക്ഷേപണത്തിന് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് എസ്എസ്എൽവിയുടെ പ്രധാന സവിശേഷത.
എസ്എസ്എൽവി വിക്ഷേപണത്തിലെ അവസാന ഘട്ടത്തിൽ ഐ എസ് ആർ ഒയ്ക്ക് പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. പേടകത്തിൽനിന്നുള്ള സിഗ്നലുകൾക്കായി കാത്തിരിക്കുകയാണെന്ന് ഐ എസ് ആർ ട്വിറ്ററിൽ കുറിച്ചതോടെ പേടക വിക്ഷേപണത്തിൽ നേരത്തെ ആശങ്കയുണ്ടായിരുന്നു.