ട്വിറ്റർ സിഇഒ പരാഗ് അഗർവാളും സ്പേസ് എക്സ് സിഇഒ എലോൺ മസ്കും തമ്മിലുള്ള തർക്കം തുടരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെയും നിലവിലില്ലാത്തവരുടെയും എണ്ണം 5 ശതമാനത്തിൽ താഴെയാണെന്ന് ട്വിറ്റർ തെളിയിക്കണമെന്ന് ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചത് ഇന്നലെയാണ്. വ്യാജ അക്കൗണ്ടുകൾ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് ട്വിറ്ററിന്റെ വാദം. ഇരുപത് ശതമാനത്തിൽ കൂടുതൽ വ്യാജ അക്കൗണ്ടുകൾ ട്വിറ്ററിൽ ഉണ്ടെന്നാണ് മസ്ക് പറയുന്നത്. ട്വിറ്ററിൽ എത്രത്തോളം ഫേക്ക് അക്കൗണ്ടുകൾ ഉണ്ടെന്നത് സംബന്ധിച്ച് ഇലോൺ മസ്ക് പോളും തുടങ്ങി.
സമൂഹ മാധ്യമമായ ട്വിറ്റർ ഏറ്റെടുക്കാൻ തയ്യാറായി എലോൺ മസ്ക് രംഗത്ത് വന്നിരുന്നു. എന്നാൽ വൈകാതെ ആ കരാർ നിർത്തിവെച്ചു. കരാറിൽ ട്വിറ്റർ തന്നെ 44 ബില്യൺ ഡോളർ കബളിപ്പിച്ചുവെന്നും മസ്ക് പ്രതികരിച്ചു. എന്നാൽ ട്വിറ്റർ ഈ വാദം തള്ളുകയും മസ്ക്കിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ജൂലൈ 29 ന് ട്വിറ്ററിനെതിരെ ഇലോൺ മസ്കും പരാതി നൽകി.