സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളുമായുള്ള (SSLV) ബന്ധം നഷ്ടമായി. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് ഐ എസ് ആർ ഒ രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ ആദ്യം വിക്ഷേപണം നടന്നത് ഇന്ന് രാവിലെയാണ്. 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കപ്പെട്ട എസ്എസ്എൽവിയുടെ ആദ്യഘട്ടങ്ങൾ വിജയകരമായെങ്കിലും അവസാന ഘട്ടത്തിൽ എസ്എസ്എൽവിയുമായി ഉണ്ടായിരുന്ന ബന്ധം നഷ്ടമായി. എസ്എസ്എൽവിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഐ എസ് ആർ ഒ ശ്രമിക്കുന്നുണ്ട്.
രാജ്യത്തെ 75 സർക്കാർ സ്കൂളുകളിലെ 750 പെൺകുട്ടികൾചേർന്നു നിർമിച്ച ആസാദിസാറ്റിനെയും ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഒഎസ് 02നെയും വഹിച്ചാണ് എസ്എസ്എൽവി വിക്ഷേപണം നടത്തിയത്. എസ്എസ്എൽവിയുടെ ആദ്യ യാത്ര പൂർണമായി. എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ നടന്നു. അവസാനഘട്ടത്തിൽ ബന്ധം നഷ്ടമായി. ഇക്കാര്യം പരിശോധിച്ച് വരികയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് ഐ എസ് ആർ ഒ ട്വിറ്ററിൽ കുറിച്ചു.