സഹകരണ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ സർക്കാർ സുപ്രധാന ഇടപെടൽ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. ഇതിനായി സഹകരണ ബാങ്കുകളുടെ സഞ്ചിതനിധി രൂപീകരിക്കും നിക്ഷേപം തിരിച്ചു നൽകുവാൻ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുക വഴി സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും പ്രസ്തുതസ്ഥാപനങ്ങളെ മികവുറ്റവതാക്കാനുമുള്ള കർമ്മപരിപാടിയാണ് നടപ്പിലാക്കുന്നത്. പ്രതിസന്ധിയിൽപെട്ട സ്ഥാപനങ്ങളെ ഏറ്റെടുത്ത പ്രശ്നങ്ങളുടെ പഠനം നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് നീക്കം. ഏതെങ്കിലും തരത്തിലുള്ള മോശം പ്രവണതകൾ ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. അതിനായി നിയമ ഭേദഗതിയും സമഗ്ര നിയമത്തിൽ ഉൾപ്പെടുത്തും.
കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് നിക്ഷേപ തുക തിരികെ നൽകുന്നതിനും ഇപ്പോൾ ബാങ്ക് നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനുമായി ഹ്രസ്വകാല, ദീർഘകാല പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ ബാക്കി നിൽക്കുന്ന നിക്ഷേപം, കൊടുക്കാനുള്ള പലിശ, കാലാവധി എത്തിയ നിക്ഷേപം, ഇതിന് നൽകാനുള്ള പലിശ എന്നിവ സംബന്ധിച്ച് കൃത്യമായ കണക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരിച്ചു നൽകുന്നതിനായി 35 കോടി രൂപ അടിയന്തിരമായി കരുവന്നൂർ ബാങ്കിന് നൽകും. കേരള ബാങ്കിൽ നിന്ന് 25 കോടി രൂപയും, സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്നും 10 കോടി രൂപയുമാണ് ഇതിനായി ലഭ്യമാക്കുക.
കരുവന്നൂർ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുക. കരുവന്നൂർ സഹകരണ ബാങ്കിന്റെ കൈവശമുള്ള സ്വർണ്ണവും മറ്റു ബാധ്യതകളിൽ പെടാത്ത വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നൽകുന്നത്. ഇതു സംബന്ധിച്ച ക്രമീകരണങ്ങൾ സഹകരണ വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും സ്വീകരിച്ചിട്ടുണ്ട്.