റോയിട്ടേഴ്സിൽ ചരിത്രത്തിലാദ്യമായി സമരം. ശമ്പള വർദ്ധനവ് സംബന്ധിച്ചുള്ള കരാർ ലംഖിച്ച സാഹചര്യത്തിലാണ് ലോക പ്രശസ്ത ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് ജീവനക്കാർ സമരവുമായി രംഗത്തിറങ്ങിയത്. വാഗ്ദാനം നൽകിയ ശമ്പള വർധനവ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് അമേരിക്കയിലെ റോയിട്ടേഴ്സ് പത്രപ്രവർത്തകർ സമരം ചെയ്തത്. 24 മണിക്കൂർ നീണ്ട പ്രതിഷേധ സമരം വ്യാഴാഴ്ചയാണ് തുടങ്ങിയത്.
ജോലി നിർത്തിവച്ച് ജീവനക്കാർ പ്രതിഷേധിക്കുകയായിരുന്നു. പുലർച്ചെ ആറ് മണിക്കായിരുന്നു സമരം തുടങ്ങിയത്. ഒരു ശതമാനം ശമ്പള വർധനവ് വർഷത്തിൽ നൽകുമെന്ന വാഗ്ദാനം പാലിക്കാത്തതാണ് സമരത്തിന് കാരണം. 300 ജീവനക്കാരാണ് സമരത്തിൽ പങ്കെടുത്തത്. ഒരു ശതമാനം ശമ്പള വർധനവ് വെച്ചുള്ള മൂന്ന് വർഷത്തെ കരാറാണ് ലംഘിക്കപ്പെട്ടതെന്ന് സമരക്കാർ പറഞ്ഞു. തൊഴിലാളി യൂണിയനായ ന്യൂസ് ഗിൽഡാണ് സമരവുമായി രംഗത്തുള്ളത്. കരാറിന്റ കാര്യത്തിൽ ന്യൂസ് ഗിൽഡുമായി ഒത്തുതീർപ്പിലെത്താൻ സന്നദ്ധമാണെന്നും റോയിട്ടേഴ്സ് അറിയിച്ചിട്ടുണ്ട്.