അഭിമാന പദ്ധതിയായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി പരാജയമെന്ന് സൂചിപ്പിച്ച് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി. വനിതാ ശാക്തീകരണത്തിനുള്ള കമ്മിറ്റിയുടെ ആറാം റിപ്പോര്‍ട്ടിലാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി പരാജയമെന്ന് ചൂണ്ടിക്കാണിക്കുന്നത്. 2016 -2019 കാലയളവില്‍ 446. 72 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതില്‍ 78.91 ശതമാനം തുകയും ചെലവാക്കിയത് പദ്ധതിയുടെ പ്രചരണത്തിനായുള്ള പരസ്യത്തിനുവേണ്ടിയാണെന്ന് ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ പദ്ധതിയുടെ പരസ്യത്തിന് പണം ചെലവാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും സമിതി നിര്‍ദേശിച്ചു. പകരം ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് ചെലവ് ചെയ്യണമെന്നാണ് ശുപാര്‍ശ. പിന്നാക്ക മേഖലയിലെ ചൈല്‍ഡ് സെക്സ് റേഷ്യോ ഉയര്‍ത്താനും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനും ലക്ഷ്യമിട്ട് 2015ലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ആരംഭിച്ചത്.