നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ മങ്കി പോക്സ് ലക്ഷണങ്ങൾ. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിലെത്തിയ ഉത്തർ പ്രദേശ് സ്വദേശിയെയാണ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മങ്കി പോക്സ് പ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ ഇന്നലെ കേന്ദ്ര സർക്കാർ വിദഗ്ധരുമായി യോഗം ചേർന്നിരുന്നു. ഇന്നലെ ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു യോഗം വിളിച്ചു ചേർത്തത്.
ഇതോടെ ദില്ലിയിൽ നാലും കേരളത്തിൽ അഞ്ചും പേർക്ക് മങ്കിപോക്സ് സ്ഥിരീകരിക്കുകയും രാജ്യത്താകെ ഒൻപത് രോഗികളാവുകയും ചെയ്തു.
രോഗബാധിതനായ ഒരു വ്യക്തിയുമായി ദീർഘനേരം അല്ലെങ്കിൽ ആവർത്തിച്ചുള്ള സമ്പർക്കം ഉണ്ടെങ്കിൽ ആർക്കും മങ്കിപോക്സ് പിടിപെടാം. മങ്കിപോക്സ് ബാധിച്ച ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയ കിടക്കകൾ പോലെയുള്ള ഏതെങ്കിലും വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.