കൊച്ചി: നിയമോപദേശം ലഭിച്ചതിന് ശേഷം മാത്രമെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരാകുന്നതിനെക്കുറിച്ച് തീരുമാനിക്കൂ എന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. മുൻ ധനമന്ത്രിയായ തോമസ് ഐസകിനെ കിഫ്ബിയുടെ മുൻ വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഈ മാസം 11ന് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദേശം. ഹാജരാകാനുള്ള സമൻസ് ഐസക്കിന് ഇ മെയിൽ വഴി ലഭിച്ചു. ആദ്യ സമൻസും ഇതും തമ്മിൽ വ്യത്യാസമുണ്ട്.
പത്ത് വർഷകാലത്തെ അക്കൗണ്ടും സ്വത്തുക്കൾ അടക്കമുള്ള വിശദാംശങ്ങളും ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്താണ് ലക്ഷ്യമെന്ന് അറിയില്ല. ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു തോമസ് ഐസക് നേരത്തെ പ്രതികരിച്ചത്. അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ അവരുടെ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും, ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ വേറെ ലക്ഷ്യങ്ങളാണുള്ളതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. വിരട്ടിയാൽ ഭയപ്പെടും എന്ന തോന്നലാണ് ചിലർക്ക്, നിയമനടപടി തേടുമെന്നും തോമസ് ഐസക് പറഞ്ഞു.