തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സ്ഥിരം തോൽക്കുന്ന സീറ്റുകളിൽ വിജയമുറപ്പിക്കാൻ പദ്ധതിയുമായി യൂത്ത് കോൺഗ്രസ്. മത്സരിക്കാൻ പോലും ആരും തയ്യാറാവാത്ത സീറ്റുകളെ എഴുതി തള്ളുന്ന ശൈലിക്ക് മാറ്റം വരുത്തുകയാണ് യൂത്ത് കോൺഗ്രസിന്റെ ലക്ഷ്യം. തൃശൂരിൽ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചിന്തൻ ശിബിരത്തിന്റേതാണ് തീരുമാനം. സീറ്റിനായി കോൺഗ്രസിന്റെ ദയാവായ്പിനായി കാത്തുനിൽക്കുന്ന സ്ഥിതി മാറ്റിയെടുക്കുക, സേവനപ്രവർത്തനങ്ങൾ ഡിവൈഎഫ്ഐയുടെ മാത്രം കുത്തകയെന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുന്നതിന് ‘യൂത്ത് കെയർ’ പദ്ധതി ശക്തിപ്പെടുത്തുക, ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ദിവസം അഞ്ചുപേർ രക്തദാനം നടത്താനുള്ള ‘ ബി പോസിറ്റീവ്’ പദ്ധതി എന്നിവയാണ് തീരുമാനങ്ങൾ.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനാണ് ഇതുമായി ബന്ധപ്പെട്ട രൂപരേഖ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 832 മണ്ഡലം പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും നഗരസഭകളിലുമായി 21,908 സീറ്റുകളാണുള്ളത്. ഇതിൽ മൂന്നിലൊന്ന് എണ്ണത്തിൽ ജയിക്കുക എന്ന അജണ്ടയാണ് യൂത്ത് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്.
ആഗസ്റ്റ് 20 മുതൽ ഒക്ടോബർ 31 വരെ യൂണിറ്റ് കമ്മിറ്റിയില്ലാത്ത സ്ഥലങ്ങളിൽ അവയ്ക്ക് രൂപം കൊടുക്കും. സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ വിവരങ്ങൾ എല്ലാ ഭാരവാഹികൾക്കും ലഭ്യമാക്കാനുള്ള മൊബൈൽ ആപ്പിനും രൂപം നൽകുന്നുണ്ട്. നിലവിൽ 7,100 യൂണിറ്റ് കമ്മിറ്റികളാണുള്ളത്. ഇനി 15,000 യൂണിറ്റ് കമ്മിറ്റികൾ കൂടി കൂട്ടിച്ചേർക്കാനും തീരുമാനിച്ചു. നവംബറിൽ യൂണിറ്റ് തലം, ഡിസംബറിൽ മണ്ഡലം തലം, ജനുവരിയിൽ നിയമസഭാ മണ്ഡലം തലം, ഫെബ്രുവരി-മാർച്ച് ജില്ലാ തലം എന്നിങ്ങനെ സമ്മേളനങ്ങൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിലിൽ തൃശൂരിലാണ് സംസ്ഥാന സമ്മേളനം നടത്തുക.